മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ സംഘടനയിലെ നാൽപതോളം നേതാക്കൾ സംഘടന വിട്ട് ഒ.ഐ.സി.സി ബഹ്‌റൈന്റെ ഭാഗമായി എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ നേതൃത്വം വ്യക്തമാക്കി. യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം പ്രചാരണങ്ങൾ സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും നേതാക്കൾ ആരോപിച്ചു.
മുൻകാലങ്ങളിൽ ഐ.വൈ.സി.സി പ്രവർത്തനങ്ങളിൽ പങ്കാളികളായിരുന്നെങ്കിലും നിലവിൽ സംഘടനയിൽ സജീവമല്ലാത്ത ആറു പേർ ഒ.ഐ.സി.സി അംഗത്വം സ്വീകരിച്ചതാണ് സംഭവിച്ചതെന്ന് നേതൃത്വം വിശദീകരിച്ചു. എന്നാൽ ഇത് 40 നേതാക്കൾ സംഘടന വിട്ടുവെന്ന രീതിയിൽ വ്യാജ വാർത്ത നൽകുന്ന ഒഐസിസി നേതൃത്വത്തിന്റെ നാണം കെട്ട പ്രവർത്തിയിൽ ബഹ്‌റൈനിലെ മാധ്യമ സുഹൃത്തുക്കൾ പങ്കാളികൾ ആവരുതെന്നു ഐ വൈ സി സി ബഹ്‌റൈൻ നേതാക്കൾ പറഞ്ഞു.
ഒ.ഐ.സി.സി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയെക്കുറിച്ചുള്ള വാർത്തകളിൽ ഐ.വൈ.സി.സിക്ക് ലഭിച്ച പ്രാധാന്യം സംഘടനയ്ക്കുള്ള അംഗീകാരമായാണ് തങ്ങൾ കാണുന്നതെന്നും, ഐ.വൈ.സി.സി ബഹ്‌റൈന്റെ വളർച്ചയിൽ അസ്വസ്ഥത പുലർത്തുന്ന ചിലർ നടത്തുന്ന വ്യാജപ്രചാരണങ്ങൾ മാത്രമാണിതെന്നും നേതൃത്വം വ്യക്തമാക്കി.
രൂപീകരണത്തിന് ശേഷം ഇതുവരെ പത്ത് കമ്മിറ്റികൾ മാറിവന്നതും, നിരവധി ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യം സംഘടനയ്ക്ക് ലഭിച്ചതും ഐ.വൈ.സി.സി ബഹ്‌റൈന്റെ ശക്തിയാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടി. ചാരിറ്റി, കല, കായികം, സാമൂഹിക-സാംസ്‌കാരിക മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തുന്ന സംഘടനയ്ക്ക് നിലവിൽ ഒമ്പത് ഏരിയ കമ്മിറ്റികളും ആറുനൂറിലധികം അംഗങ്ങളും ഉണ്ടെന്നും അറിയിച്ചു.
ഇന്ത്യക്ക് പുറത്ത് രൂപംകൊണ്ട ആദ്യ കോൺഗ്രസ് യുവജന സംഘടനയായ ഐ.വൈ.സി.സി ബഹ്‌റൈൻ, ജനാധിപത്യ രീതിയിൽ വാർഷിക തിരഞ്ഞെടുപ്പുകൾ നടത്തി കൃത്യമായ ദിശാബോധത്തോടെയും സംഘടനാപരമായ അച്ചടക്കത്തോടെയും മുന്നോട്ട് പോകുകയാണെന്നും, ഇത്തരം വ്യാജവാർത്തകൾ സംഘടനയുടെ മുന്നേറ്റത്തെ തടയില്ലെന്നും നേതൃത്വം ആത്മവിശ്വാസം പ്രകടിപ്പിച്ചു.









