വിദേശത്തു മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണം: ഐ സി എഫ്

ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. മൃതദേഹം നാട്ടില്‍ കൊണ്ടു പോകുന്നതിന് ഭാരം തൂക്കി വിമാനക്കൂലി നിശ്ചയിക്കുന്നതു കടുത്ത നീതികേടും പൈശാചികവുമാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്ന പ്രവാസികളെ അപമാനിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കി മരണപ്പെടുന്ന മുഴുവന്‍ പ്രവാസികളുടെയും മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ സ്വദേശത്തേക്ക് എത്തിക്കണം.

എമിഗ്രേഷൻ ഡെപ്പോസിറ്റ് വകയിലും, ഇന്ത്യൻ നയതന്ത്രാലയങ്ങളിൽ പ്രവാസികളുമായി ബന്ധപ്പെട്ട് നടത്തുന്ന വിവിധ സർവീസുകൾക്ക് വെൽഫയർ ഫണ്ട് എന്ന പേരിൽ ഈടാക്കി വരുന്ന പണവും സർക്കാർ ഖജാനാവിൽ കെട്ടികിടക്കുകയാണ്. ഇത്തരം ഫണ്ടുകൾ ഉപയോഗപ്പെടുത്തി പ്രവാസികളുടെ മൃതശരീരം നാട്ടിൽ സൗജന്യമായി എത്തിക്കുവാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഐ സി എഫ് പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, സിവിൽ ഏവിയേഷൻ മന്ത്രി എന്നിവർക്കു ഇമെയിൽ സന്ദേശമയക്കും.

യോഗത്തിൽ പ്രസിഡന്റ് അബ്ദുര്‍റഹ്മാന്‍ ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, അബ്ദുല്‍ കരീം ഹാജി മേമുണ്ട, അബ്ദുല്‍ കരീം ഹാജി വടകര, നിസാര്‍ സഖാഫി വയനാട്, അലവി സഖാഫി തെഞ്ചേരി, അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം, ശരീഫ് കാരശ്ശേരി, മുജീബുര്‍റഹ്മാന്‍ എ ആര്‍ നഗര്‍ സംബന്ധിച്ചു.