മനാമ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അശാന്തമായ സാഹചര്യങ്ങൾക്കിടയിൽ നാട്ടിലേക്ക് മടങ്ങാൻ യാത്രാക്ലേശം അനുഭവിച്ച ബഹ്‌റൈൻ പ്രവാസികൾക്ക് ആശ്വാസമായി ബി.കെ.എസ്.എഫും ബി.എം.ബി.എഫും (BKSF & BMBF). ഇരു സംഘടനകളും സംയുക്തമായി ഏർപ്പെടുത്തിയ ചാർട്ടേഡ് വിമാന സർവീസിലെ യാത്രക്കാർ നാട്ടിലെത്തി. മേഖലയിൽ സംഘർഷം തുടങ്ങിയതിന് ശേഷം ബഹ്‌റൈനിൽ നിന്നുള്ള പ്രവാസി ചരിത്രത്തിൽ ഇത്രയും കുറഞ്ഞ നിരക്കിൽ ഒരു ചാർട്ടേഡ് സർവീസ് സംഘടിപ്പിക്കുന്നത് ഇതാദ്യമാണ്.
വിമാന ടിക്കറ്റ്, വിമാനത്താവളത്തിലേക്കുള്ള യാത്ര, ഭക്ഷണം, മറ്റ് നടപടിക്രമങ്ങൾ എന്നിവയുൾപ്പെടെ കേവലം 220 ബഹ്‌റൈനി ദിനാർ മാത്രമാണ് യാത്രക്കാരിൽ നിന്നും ഈടാക്കിയത്. വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്ന പ്രതിസന്ധി ഘട്ടത്തിൽ സാധാരണക്കാരായ പ്രവാസികൾക്ക് ഈ പദ്ധതി വലിയ ആശ്വാസമായി.
ഏപ്രിൽ 14, 15 തീയതികളിൽ മനാമയിലെ ഗോൾഡൻ തുളിപ്പ് ഹോട്ടൽ അങ്കണത്തിൽ വെച്ചാണ് യാത്രയുടെ ഔദ്യോഗിക നടപടിക്രമങ്ങൾ ആരംഭിച്ചത്. ഹോട്ടലിൽ നിന്ന് വിമാനത്താവളത്തിലേക്ക് യാത്രക്കാർക്കായി പ്രത്യേക ബസ് സൗകര്യം ഏർപ്പെടുത്തിയിരുന്നു. ബസ് യാത്രക്കാർക്കായി രാത്രി ഭക്ഷണവും കുടിവെള്ളവും അത്യാവശ്യ മരുന്നുകളും സംഘാടകർ കരുതിയിരുന്നു.
യാത്രക്കാരെ യാത്രയാക്കുന്നതിനായി ബഹ്‌റൈനിലെ വിവിധ സാമൂഹിക, സാംസ്‌കാരിക, പൊതുരംഗത്തെ പ്രമുഖരും വിവിധ പ്രവാസി കൂട്ടായ്മകളുടെ പ്രതിനിധികളും ഗോൾഡൻ തുളിപ്പ് ഹോട്ടലിൽ എത്തിച്ചേർന്നിരുന്നു. ബി.കെ.എസ്.എഫ്, ബി.എം.ബി.എഫ് ഭാരവാഹികൾ യാത്രയുടെ മുഴുവൻ നടപടിക്രമങ്ങൾക്കും നേതൃത്വം നൽകി. പ്രതിസന്ധി ഘട്ടത്തിൽ പ്രവാസികളെ ചേർത്തുപിടിച്ച ഈ മാതൃകാപരമായ പ്രവർത്തനത്തിന് വ്യാപകമായ പ്രശംസയാണ് ലഭിക്കുന്നത്.









