മനാമ: ബഹ്റൈനിലെ പ്രാദേശിക സംഘര്‍ഷങ്ങള്‍ ദൈനംദിന ജീവിതത്തെ ബാധിച്ചു തുടങ്ങിയതോടെ, വീടുകള്‍ക്കുള്ളിലും ഇതിന്റെ സമ്മര്‍ദ്ദം പ്രകടമാവുകയാണ്. സുരക്ഷയും സാമ്പത്തിക ഉത്തരവാദിത്തങ്ങളും തമ്മില്‍ ഒത്തുപോകാത്ത സാഹചര്യത്തില്‍ പല വാടകക്കാരും കടുത്ത തീരുമാനങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിതരാകുന്നു. അത്യാവശ്യ സാധനങ്ങള്‍ മാത്രം എടുത്ത് വീട് പൂട്ടി ഇറങ്ങിയ പല കുടുംബങ്ങള്‍ക്കും എന്നത്തേക്ക് തിരിച്ചു വരാന്‍ കഴിയുമെന്ന് ഒരു ഉറപ്പുമില്ല.
നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ചാലും, ഒപ്പിട്ട വാടക കരാറുകള്‍ക്ക് ഇപ്പോഴും നിയമസാധുതയുണ്ട്. കരാര്‍ കാലാവധി തീരുന്നതിന് മുന്‍പ് വീട് ഒഴിഞ്ഞാലും ബാക്കി കാലയളവിലെ വാടക നല്കാന് വാടകക്കാര്‍ ബാധ്യസ്ഥരാണ്. എന്നാല്‍ അസാധാരണമായ സാഹചര്യങ്ങള്‍ നിയമം നടപ്പാക്കുന്ന രീതിയെ സ്വാധീനിച്ചേക്കാം എന്ന് ബഹ്റൈനി അഭിഭാഷകയായ അഫാഫ് തരാദ ചൂണ്ടിക്കാട്ടുന്നു.
‘വാടക കരാര്‍ നിലനില്ക്കും എന്നതാണ് പൊതുവായ നിയമം,’ അവര്‍ പറഞ്ഞു. അതായത്, കൃത്യമായ നിയമപരമായ കാരണങ്ങളില്ലാതെ വാടകക്കാര്‍ക്ക് വാടക നല്‍കുന്നത് നിര്‍ത്താന്‍ കഴിയില്ല. പല താമസക്കാര്‍ക്കും ഈ സാമ്പത്തിക ബാധ്യത പെട്ടെന്നുണ്ടായ ഒന്നാണ്. പെട്ടെന്ന് താമസം മാറേണ്ടി വന്ന കുടുംബങ്ങള്‍ ഇപ്പോള്‍ രണ്ട് വീടുകളുടെ വാടക നല്‍കേണ്ട അവസ്ഥയിലാണ്.
അതേസമയം, വാടകയില്‍ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന വീട്ടുടമസ്ഥരും സമാനമായ സമ്മര്‍ദ്ദത്തിലാണ്. അഫാഫ് തരാദയുടെ അഭിപ്രായത്തില്‍, വാടകക്കാര്‍ക്കും ഉടമസ്ഥര്‍ക്കും മുന്നില്‍ മൂന്ന് പ്രധാന വഴികളാണുള്ളത്. ആദ്യത്തേത് പരസ്പര ധാരണയില്‍ എത്തുക എന്നതാണ്. രണ്ടാമത്തേത് കരാറിലെ നിബന്ധനകള്‍ പരിശോധിക്കുക (ചില കരാറുകളില്‍ അസാധാരണ സാഹചര്യങ്ങളെ നേരിടാനുള്ള പ്രത്യേക വകുപ്പുകള്‍ ഉണ്ടാകാറുണ്ട്). മൂന്നാമത്തെ വഴി നിയമസഹായം തേടുക എന്നതാണ്.
‘കേസ് കോടതിയില്‍ എത്തിയാല്‍, ഈ സാഹചര്യത്തെ ‘തടയാനാവാത്ത അപ്രതീക്ഷിത സംഭവം’ (Force Majeure) ആയി പരിഗണിക്കാന്‍ കഴിയുമോ എന്ന് ജഡ്ജിമാര്‍ തീരുമാനിക്കും,’ അവര്‍ വിശദീകരിച്ചു. കോടതി വിധി അനുസരിച്ച്, കരാര്‍ പൂര്‍ത്തിയാക്കാന്‍ സാധ്യമല്ലെങ്കില്‍ അത് റദ്ദാക്കാനോ, അല്ലെങ്കില്‍ വാടക കുറയ്ക്കാനോ ഉത്തരവുണ്ടായേക്കാം.








