മനാമ: ബഹ്‌റൈൻ ഇന്ത്യൻ സ്‌കൂൾ ജീവനക്കാർക്ക് അവധിക്കാല വേതനം (Leave Salary) നൽകുന്നത് വൈകുന്നതിൽ കടുത്ത പ്രതിഷേധവുമായി യുണൈറ്റഡ് പാരന്റ്സ് പാനൽ (UPP). വേനലവവധി തുടങ്ങി ഒരു മാസം പിന്നിടാനായിട്ടും ജീവനക്കാരുടെ അർഹതപ്പെട്ട ലീവ് സാലറി ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്നും, ഇത് എത്രയും പെട്ടെന്ന് കൊടുത്തു തീർക്കണമെന്നും യു.പി.പി ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ മാസം ചേർന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിൽ, ആവശ്യമെങ്കിൽ ഓവർഡ്രാഫ്റ്റ് (Overdraft) സൗകര്യം ഉപയോഗപ്പെടുത്തിപ്പോലും ശമ്പളവും ലീവ് സാലറിയും യഥാസമയം വിതരണം ചെയ്യുമെന്ന് ഭരണസമിതി ഉറപ്പുനൽകിയിരുന്നു. എന്നാൽ യോഗത്തിന് ശേഷം ജൂൺ മാസത്തെ ശമ്പളം നൽകിയെങ്കിലും, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ അവധിക്കാല വേതനം ഇതുവരെ നൽകിയിട്ടില്ല. ലീവ് സാലറി ലഭിക്കുമെന്ന പ്രതീക്ഷയിൽ നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്ത പല അധ്യാപകർക്കും ജീവനക്കാർക്കും പണം ലഭിക്കാത്തതിനാൽ യാത്ര മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്യേണ്ടിവന്നു. ഇന്ത്യൻ സ്കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ജീവനക്കാരെ ഇത്തരമൊരു അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്ന സമീപനമുണ്ടാകുന്നതെന്നും അവർ ആരോപിച്ചു.
മുൻപ് ജൂൺ മാസത്തെ ശമ്പളത്തോടൊപ്പം രണ്ടു മാസത്തെ ലീവ് സാലറിയും നൽകുന്നതായിരുന്നു രീതി. നിലവിലെ ഭരണസമിതി വന്ന ശേഷം ജൂലൈയിലേത് അവധിക്കാലത്തും ആഗസ്റ്റിലേത് സെപ്റ്റംബറിലും നൽകുന്ന ക്രമീകരണത്തിലേക്ക് മാറിയെങ്കിലും, ഈ വർഷം അതും പാലിക്കപ്പെട്ടിട്ടില്ല. ഫീസ് കുടിശ്ശിക മാത്രമല്ല ഈ പ്രതിസന്ധിക്ക് കാരണം; മറിച്ച് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ പോരായ്മകളും കൃത്യമായ ആസൂത്രണമില്ലായ്മയുമാണ് ഇതിന് പിന്നിലെന്നും യു.പി.പി ചൂണ്ടിക്കാട്ടി.
അടുത്തിടെ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അക്കൗണ്ട്സ് മാനേജർ എന്നിവരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ പൂർണ്ണമായി നൽകിയതായി അറിയുന്നു. വലിയ തുക ഉന്നതർക്ക് നൽകേണ്ടി വന്നാലും അതിന്റെ പേരിൽ ചെറിയ വേതനം കൈപ്പറ്റുന്ന മറ്റ് ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്നത് ന്യായീകരിക്കാനാവില്ല. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി ഉയർന്ന ശമ്പളത്തിൽ രണ്ടു അക്കൗണ്ട്സ് മാനേജർമാർ സേവനമനുഷ്ഠിച്ചിട്ടും സ്കൂളിന്റെ സാമ്പത്തിക അവസ്ഥ കൂടുതൽ പരിതാപകരമായത് ഗൗരവത്തോടെ പരിശോധിക്കണം. അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും ആത്മാഭിമാനവും സാമ്പത്തിക സുരക്ഷിതത്വവും സംരക്ഷിക്കുന്നതിനായി ജൂലൈ മാസത്തെ ലീവ് സാലറിയെങ്കിലും അടിയന്തരമായി വിതരണം ചെയ്യാൻ ഭരണസമിതി തയ്യാറാകണമെന്ന് യു.പി.പി ആവശ്യപ്പെട്ടു.









