ശ്രീനഗർ: ആമിര്‍ ഖാന്റെ ദംഗല്‍ എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തെത്തിയ ദേശീയ അവാര്‍ഡ് ജേതാവ് സൈറാ വാസിം അഭിനയജീവിതം അവസാനിപ്പിക്കുന്നു. ദൈവവിശ്വാസം മുറുകെ പിടിക്കുന്നതിനായാണ് അഭിനയം ഉപേക്ഷിക്കുന്നതെന്നാണ് പതിനെട്ടുകാരിയായ സൈറ ഫേസ്ബുക്കിൽ കുറിച്ചത്. സിനിമയിൽ വന്നതോടെ മതപരമായ വിശ്വാസങ്ങളിൽ നിന്ന് താൻ അകന്നുവെന്ന തിരിച്ചറിവാണ് ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചതെന്ന് അവര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
2016 ൽ പുറത്തിറങ്ങിയ ആമിര്‍ ഖാൻ നായകനായ ദംഗല്‍ എന്ന ചിത്രത്തിലൂടെയാണ് സൈറ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. മികച്ച സഹനടിക്കുള്ള ദേശീയ അവാർഡും ചിത്രത്തിലൂടെ സൈറയെ തേടിയെത്തിയിരുന്നു. തുടർന്ന് കേന്ദ്ര കഥാപാത്രമായെത്തിയ സീക്രട്ട് സൂപ്പർ സ്റ്റാറും സൈറയുടെ അഭിനയജീവിതത്തിലെ സൂപ്പർ ഹിറ്റ് ആയിരുന്നു. ‘ദ സ്‌കൈ ഈസ് പിങ്ക്’ എന്ന ചിത്രമാണ് സൈറയുടെതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഫര്‍ഹാന്‍ അക്തറും പ്രിയങ്കാ ചോപ്രയും സൈറയോടൊപ്പം പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രം ഒക്ടോബറില്‍ പുറത്തിറങ്ങാനിരിക്കെയാണ് അഭിനയ രംഗത്തു നിന്ന് വിടവാങ്ങുന്നതായി സൈറ പ്രഖ്യാപിച്ചിരിക്കുന്നത്.
സൈറ വസിമിന്റെ ഫേസ്ബുക് കുറിപ്പ്…
‘അഞ്ചുവർഷങ്ങൾക്ക് മുൻപ് ഞാനെടുത്ത തീരുമാനം എന്റെ ജീവിതം എന്നേക്കുമായി മാറ്റിമറിച്ചു.. ബോളിവുഡിലേക്കുള്ള ചുവടുവയ്പ് വലിയ പ്രശസ്തിയിലേക്കുള്ള വാതിലാണ് തുറന്നത്..ജനശ്രദ്ധ നേടി.. വിജയത്തിന്റെ പ്രതീകമായി യുവാക്കളുടെ റോൾ മോഡലായി ഞാൻ അവതരിപ്പിക്കപ്പെട്ടു.. എന്നാൽ അതല്ല എനിക്ക് വേണ്ടിയിരുന്നത് എന്ന് ഇപ്പോൾ മനസിലാക്കി തുടങ്ങിയിരിക്കുകയാണ്. എന്റ് ഈ വ്യക്തിത്വത്തിൽ ഞാൻ സന്തോഷവതിയല്ല.. ഈ മേഖല എനിക്ക് സ്നേഹവും പ്രശസ്തിയും അംഗീകാരവും ഒക്കെ നേടിത്തന്നു എന്നാൽ ഞാൻ ജോലി ചെയ്യുന്ന മേഖല എന്‍റെ വിശ്വാസത്തിന് തടസമായി വന്നു.. വിശ്വാസങ്ങൾക്ക് ഭീഷണിയായി.. എന്റെ ഈമാനിൽ നിന്ന് ഞാനകന്നു തുടങ്ങി.. ഇത് എന്നെ ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന് എന്നെ തന്നെ പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്. എന്റെ ജീവിതത്തില്‍ ബർക്കത് (ഐശ്വര്യം) നഷ്ടപ്പെട്ടു.. ഇക്കാര്യത്തിൽ എന്നോട് തന്നെ പോരാടിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ അള്ളാഹുമായി കൂടുതൽ അടുത്തു.. അദ്ദേഹത്തിൽ ആശ്രയം തേടി’.. ഖുര്‍ആനും ഹദീസും (പ്രവാചക വചനങ്ങള്‍) ആണ് തന്നെക്കൊണ്ട് തീരുമാനം എടുപ്പിച്ചതെന്നും സൈറ പറയുന്നു.
https://www.facebook.com/129088351145453/posts/378614566192829/