മനാമ: അംഗീകൃത പാഠ്യപദ്ധതിയില്‍ ലംഘനം നടത്തിയതിനെ തുടര്‍ന്ന് ഒരു സ്വകാര്യ സ്കൂളിനെതിരെ വിദ്യാഭ്യാസ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. മന്ത്രാലയത്തിന്റെ പതിവ് നിരീക്ഷണത്തിലും നിയന്ത്രണ പരിശോധനയിലുമാണ് ക്രമക്കേട് കണ്ടെത്തിയത്.
വിദ്യാഭ്യാസ നിയമം, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന നിയമം, അവയുടെ അനുബന്ധ ചട്ടങ്ങള്‍ എന്നിവയ്ക്കും മതപരവും ദേശീയവുമായ മൂല്യങ്ങള്‍ക്കും വിരുദ്ധമായ ഉള്ളടക്കമുള്ള ഇംഗ്ലീഷ് പുസ്തകം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി മന്ത്രാലയം വെളിപ്പെടുത്തി. പ്രസ്തുത പാഠ്യപദ്ധതി ഉപയോഗിക്കുന്നത് ഉടനടി നിര്‍ത്തലാക്കാനും മന്ത്രാലയം അംഗീകരിച്ച പുസ്തകം പകരം ഉള്‍പ്പെടുത്താനും അധികൃതര്‍ സ്കൂളിന് നിര്‍ദ്ദേശം നല്കി.
വിവാദമായ ഉള്ളടക്കം ക്ലാസ് മുറികളില്‍ പഠിപ്പിച്ചു തുടങ്ങിയിട്ടില്ലെങ്കിലും, ഔദ്യോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഇത്തരം പുസ്തകങ്ങള്‍ സ്വീകരിക്കുന്നതും വിതരണം ചെയ്യുന്നതും ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. പാഠ്യപദ്ധതി നടപ്പാക്കുന്നതിന് മുന്‍പ് എല്ലാ സ്കൂളുകളും ഉള്ളടക്കം പരിശോധിച്ച് നിയമവിരുദ്ധമായ കാര്യങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ട്.
അംഗീകൃത മാനദണ്ഡങ്ങള്‍ക്കനുസൃതമായ പാഠ്യപദ്ധതി ഉറപ്പാക്കുന്നതില്‍ സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡുകള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്തമുണ്ടെന്ന് മന്ത്രാലയം ആവര്‍ത്തിച്ചു. ഗുരുതരമായ നിയമലംഘനങ്ങള്‍ ഉണ്ടായാല്‍ ഡയറക്ടര്‍ ബോര്‍ഡിനെ പിരിച്ചുവിടുന്നതും പുതിയ ബോര്‍ഡിനെ നിയമിക്കുന്നതും ഉള്‍പ്പെടെയുള്ള കര്‍ശനമായ നടപടികള്‍ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ക്കനുസൃതമായി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്കി.









