തിരുവനന്തപുരം: കേരള സർക്കാർ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ലഹരി മാഫിയകൾക്കെതിരെ നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ — ദ നാർക്കോ ഹണ്ട്’ ദൗത്യത്തിന് പിന്തുണയുമായി ആഗോള മലയാളി സമൂഹം രംഗത്ത്. പ്രവാസി സംഘടനയായ ഐ.സി.എഫ്. ഇന്റർനാഷണൽ കൗൺസിലാണ് ഈ ആഗോള ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
തൂഫാൻ വാരിയർ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ നിർദേശപ്രകാരമാണ് ഐ.സി.എഫ് ഈ ലഹരിവിരുദ്ധ ജനകീയ ക്യാമ്പയിന്റെ ഭാഗമാകുന്നത്. ‘ലവ് ലൈഫ്, നോ ഡ്രഗ്സ് — ജീവിതം തന്നെയാണ് ലഹരി’ എന്ന പ്രമേയത്തിലുള്ള പ്രചാരണ പദ്ധതിയുടെ ലോഗോ പ്രകാശനം നിർവ്വഹിച്ചുകൊണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ക്യാമ്പയിന് തുടക്കം കുറിച്ചു.
ലഹരി മാഫിയക്കെതിരെയുള്ള പോരാട്ടത്തിൽ ഐ.സി.എഫിന്റെ പിന്തുണ സ്വാഗതാർഹമാണെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. മയക്കുമരുന്നിന്റെ കറുത്ത കൈകൾ കുട്ടികളിലേക്കും കുടുംബങ്ങളിലേക്കും നീളുന്ന വർത്തമാനകാലത്ത്, അതിനെതിരായ സർക്കാരിന്റെ പോരാട്ടത്തിൽ ഐ.സി.എഫ്. പോലെ സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനകൾ അണിചേരുന്നത് ഏറെ പ്രശംസനീയമാണ്. പ്രവാസി മലയാളി കുടുംബങ്ങളിൽ ലഹരിവിരുദ്ധ ബോധവൽക്കരണവും ജാഗ്രതയും ശക്തമാക്കാൻ മുന്നോട്ടുവന്നത് ക്യാമ്പയിന് വലിയ ഊർജ്ജം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പത്തു ലക്ഷത്തിലധികം പ്രവാസികളിലേക്ക് സന്ദേശമെത്തിക്കും
പത്തു ലക്ഷത്തിലധികം പ്രവാസി മലയാളികളിലേക്ക് ലഹരിവിരുദ്ധ സന്ദേശമെത്തിക്കുക എന്ന വിപുലമായ ലക്ഷ്യത്തോടെയാണ് ആഗോള പ്രചാരണ പദ്ധതി നടപ്പിലാക്കുന്നത്. സർക്കാറിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുമായി നേരിട്ട് കൈകോർത്താണ് പ്രചാരണം.
-
1,00,000-ത്തിലധികം ആളുകളിൽ നേരിട്ടുള്ള ബോധവൽക്കരണം
-
25,000 പ്രവാസി കുടുംബങ്ങളെ പങ്കാളികളാക്കിയുള്ള ലഹരിവിരുദ്ധ പ്രതിജ്ഞ
-
50,000 വിദ്യാർത്ഥികൾക്കും യുവാക്കൾക്കും പ്രത്യേക പരിശീലനം
-
1,000 കമ്മ്യൂണിറ്റി ആക്ഷൻ യൂണിറ്റുകളുടെ രൂപീകരണം
എന്നിവ പദ്ധതിയുടെ ഭാഗമായി നടക്കും.
അന്താരാഷ്ട്ര തലത്തിൽ സെമിനാറുകൾ, വെബിനാറുകൾ, ഫാമിലി മീറ്റുകൾ, യൂത്ത് ക്യാമ്പുകൾ, വാക്കത്തോൺ, ഹ്യൂമൻ ചെയിൻ, സിഗ്നേച്ചർ ക്യാമ്പയിൻ എന്നിവ സംഘടിപ്പിക്കും. കൂടാതെ, ലഹരിവിരുദ്ധ കുടുംബ സംരംഭങ്ങൾ, പേരന്റിംഗ് എഡ്യുക്കേഷൻ, കൗൺസിലിംഗ്, പുനരധിവാസ സഹായങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും.
തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ഐ.സി.എഫ്. ഇന്റർനാഷണൽ പ്ലാനിംഗ് ബോർഡ് ചെയർമാൻ സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങൾ, സെക്രട്ടറിമാരായ ശരീഫ് കാരശ്ശേരി, ഹമീദ് ഈശ്വരമംഗലം, അബ്ദുൽ കരീം ഹാജി മേമുണ്ട, എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.









