മനാമ: ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സുമായി ബന്ധമുള്ള ഭീകരസംഘടന രൂപീകരിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്ത കേസിൽ മുഴുവൻ പ്രതികളെയും ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി കുറ്റക്കാരായി കണ്ടെത്തി ശിക്ഷ വിധിച്ചു. പ്രതികൾക്ക് ജീവപര്യന്തം മുതൽ 15 വർഷം വരെയാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതിനുപുറമെ, ചില പ്രതികൾക്ക് ഒരു ലക്ഷം ബഹ്‌റൈൻ ദീനാർ വീതം പിഴ ചുമത്തുകയും, 80 ലക്ഷം ബഹ്‌റൈൻ ദീനാറിലധികം തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കണ്ടുകെട്ടാൻ ഉത്തരവിടുകയും ചെയ്തതായി ഭീകരവിരുദ്ധ പ്രോസിക്യൂഷൻ മേധാവിയായ അഡ്വക്കേറ്റ് ജനറൽ അറിയിച്ചു.
കസ്റ്റഡിയിലുള്ളവരെയും ഒളിവിൽ കഴിയുന്നവരെയും കോടതി ശിക്ഷിച്ചിട്ടുണ്ട്. ഭരണഘടനാ വ്യവസ്ഥകൾ മരവിപ്പിക്കാനും, ബലപ്രയോഗത്തിലൂടെയും നിയമവിരുദ്ധ മാർഗ്ഗങ്ങളിലൂടെയും രാജ്യത്തെ ഭരണസംവിധാനം അട്ടിമറിക്കാനും ലക്ഷ്യമിട്ടാണ് പ്രതികൾ സംഘടന രൂപീകരിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
ഗൂഢാലോചനയും സാമ്പത്തിക സമാഹരണവും:
-
വിദേശ ബന്ധം: രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് ഹാനികരമാകുന്ന രീതിയിൽ ഇറാനുമായും ഐ.ആർ.ജി.സി ഭീകരരുമായും പ്രതികൾ ആശയവിനിമയം നടത്തുകയും നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്തു.
-
സ്ഥാപനങ്ങളുടെ ദുരുപയോഗം: ആരാധനാലയങ്ങൾ കൈയടക്കിയും, സാമൂഹിക-ജീവകാരുണ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നുഴഞ്ഞുകയറിയും ‘വിലായത്തുൽ ഫഖീഹ്’ ആശയം പ്രചരിപ്പിക്കാനും രാജ്യത്തോടുള്ള കൂറ് തകർക്കാനും ഇവർ ശ്രമിച്ചു.
-
അനധികൃത പണപ്പിരിവ്: പ്രതികളിൽ നിന്ന് ബഹ്‌റൈൻ ദീനാറിലും വിദേശ കറൻസികളിലുമായി ഏകദേശം 935,000 ദീനാർ പിടിച്ചെടുത്തിരുന്നു. ലൈസൻസില്ലാതെ പണം പിരിച്ച് ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതായും പ്രോസിക്യൂഷൻ തെളിയിച്ചു.
കോടതി ഉത്തരവിലൂടെ പിരിച്ചുവിടപ്പെട്ട ‘ഉലമ കൗൺസിലുമായി’ ബന്ധമുള്ള പ്രതികളാണ് ഈ സംഘടനയ്ക്ക് പിന്നിലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പ്രതികളുടെ അഭിഭാഷകരുടെ സാന്നിധ്യത്തിലും, നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് (NIHR) പ്രതിനിധിയുടെ നിരീക്ഷണത്തിലും നീതിയുക്തമായ വിചാരണ പൂർത്തിയാക്കിയ ശേഷമാണ് കോടതിയുടെ നിർണ്ണായക വിധി.








