സൗദിയിൽ നാല് വർഷമായി ജയിലിൽ കഴിയുന്ന മലയാളിയെ മോചിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് കുടുംബം

റിയാദ്: നാല് വര്‍ഷമായി സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന മലയാളിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. കോഴിക്കോട് താമരശേരി സ്വദേശി മുഹമ്മദ് അഷ്റഫ് കള്ളപരാതിയിൻമേലാണ് ശിക്ഷ അനുഭവിക്കുന്നതെന്ന് കുടുംബം ആരോപിച്ചു. താമരശേരി കിഴക്കോത്ത് നടക്കുന്നുമ്മല്‍ മുഹമ്മദ് അഷ്റഫ് നാല് വര്‍ഷമായി സൗദി അറേബ്യയിലെ ജിദ്ദയിലുള്ള ഷുമൈസി ജയിലിൽ തടവിലാണ്. ബിസിനസ് സ്ഥാപനത്തില്‍ വരവില് കവിഞ്ഞ പണം ഉണ്ടെന്ന് കാരണത്താലാണ് ആദ്യം ഇദ്ദേഹം ജയിലില്‍ ആകുന്നത്. ഇതില്‍ കഴന്പില്ലെന്ന് കണ്ട് രണ്ട് വര്‍ഷത്തിന് ശേഷം കുറ്റവിമുക്തനാക്കി. എന്നാല്‍ ജയില്‍ മോചിതനാകും മുന്പ് അഭിഭാഷകന്‍ വഞ്ചിച്ചെന്ന് കുടുംബം പറയുന്നു.

കേസിന് ചെലവായ 38 ലക്ഷം റിയാല്‍ അഷ്റഫ് നല്‍കാനുണ്ടെന്ന് കാണിച്ച് സൗദി അഭിഭാഷന്‍ വ്യാജ രേഖ ഉണ്ടാക്കിയെന്നാണ് കുടുംബം പറയുന്നത്. അഷ്റഫ് ജയില്‍ മോചിതനാകാതിരിക്കാന്‍ ചില മലയാളികള്‍ തന്നെ സ്പോണ്‍സറെ തെറ്റിദ്ധരിപ്പിക്കുന്ന സാഹചര്യമുണ്ടായെന്നും കുടുംബം പറയുന്നു. മാതാപിതാക്കളും ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്നതാണ് മുഹമ്മദ് അഷ്റഫിന്‍റെ കുടുംബം. വിഷയത്തില്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി ഇടപെട്ടാല്‍ അഷ്റഫിന്‍റെ ജയില്‍ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.