മനാമ: ബഹ്റൈനിൽ 2026-2027 പുതിയ അധ്യയന വർഷം ആരംഭിക്കുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ എല്ലാ വിദ്യാർത്ഥികൾക്കും ഉന്നത വിജയവും നേട്ടങ്ങളും നിറഞ്ഞ അധ്യയന വർഷം ആശംസിച്ച് ഹമദ് രാജാവ്. അധ്യാപകർ, വിദ്യാഭ്യാസ പ്രവർത്തകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ എന്നിവർക്ക് സന്തോഷകരവും വിജയകരവുമായ വർഷം അദ്ദേഹം നേർന്നു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദ്ദേശാനുസരണം, വ്യാഴാഴ്ച സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി ബുധനാഴ്ച രാജ്യത്തെ സർക്കാർ സ്കൂളുകളിൽ രക്ഷിതാക്കൾക്കായി പ്രത്യേക ഇൻഡക്ഷൻ ദിനം സംഘടിപ്പിക്കും. അധ്യാപകരും അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരും പുതിയ അധ്യയന വർഷത്തിലെ പദ്ധതികളെക്കുറിച്ച് രക്ഷിതാക്കൾക്ക് വിശദീകരണം നൽകും.
കഴിഞ്ഞ കാലയളവിൽ അനാവശ്യമായ ഇറാനിയൻ ആക്രമണങ്ങൾ മൂലം സിവിലിയൻ സൗകര്യങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ വെല്ലുവിളികൾ ഉയർന്നപ്പോൾ, വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി ഓൺലൈൻ വിദൂര പഠന സംവിധാനം ഏർപ്പെടുത്തേണ്ടി വന്ന കാര്യം രാജാവ് ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസം തടസ്സപ്പെടാതെ മുന്നോട്ട് കൊണ്ടുപോകാൻ കിരീടാവകാശിയുടെ നേതൃത്വത്തിൽ ഗവൺമെന്റ് സ്വീകരിച്ച സമയബന്ധിതമായ നടപടികളെ അദ്ദേഹം പ്രശംസിച്ചു.
വിദ്യാഭ്യാസ പോർട്ടൽ വഴി അധ്യയനത്തിന്റെ തുടർച്ച ഉറപ്പാക്കിയ അധ്യാപകരുടെയും സാങ്കേതിക ടീമുകളുടെയും ശ്രമങ്ങളെയും രക്ഷിതാക്കളുടെ പിന്തുണയെയും രാജാവ് അഭിനന്ദിച്ചു. 2005-ൽ തുടക്കമിട്ട ‘ഫ്യൂച്ചർ സ്കൂൾസ്’ ഡിജിറ്റൽ പദ്ധതിയുടെ വിജയമാണ് ഇതെന്നും, പ്രതിസന്ധികളിൽ രാജ്യം കാണിച്ച ഐക്യദാർഢ്യം ജനങ്ങളുടെ രാജ്യസ്നേഹത്തിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.









