മനാമ: 2026–2027 പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ, വിദ്യാർത്ഥികൾക്കായി സർവീസ് നടത്തുന്ന എല്ലാ വാഹന ഉടമകളും സ്ഥാപനങ്ങളും മുൻകൂട്ടി ലൈസൻസ് നേടിയിരിക്കണമെന്ന് ബഹ്‌റൈൻ ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രാലയം. കുട്ടികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും വാഹനങ്ങളും ഡ്രൈവർമാരും ആവശ്യമായ സാങ്കേതിക-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് നടപടി.
അംഗീകൃത ലൈസൻസില്ലാതെ വിദ്യാർത്ഥികളെ കൊണ്ടുപോകുന്നതും ഗതാഗത സേവനങ്ങൾ നൽകുന്നതും ഗുരുതരമായ നിയമലംഘനമായി കണക്കാക്കും. അതിനാൽ സർവീസ് ആരംഭിക്കുന്നതിന് മുൻപ് തന്നെ വ്യക്തികളും കമ്പനികളും ആവശ്യമായ ലൈസൻസിംഗ് നടപടികൾ പൂർത്തിയാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
കുട്ടികൾക്കായി പ്രൈവറ്റ് വാഹനങ്ങളോ ബസുകളോ ഏർപ്പാട് ചെയ്യുമ്പോൾ, സേവനദാതാക്കൾക്ക് സാധുവായ ഔദ്യോഗിക ലൈസൻസ് ഉണ്ടെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണം. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലൈസൻസുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പട്ടിക രക്ഷിതാക്കൾക്ക് പരിശോധിക്കാവുന്നതാണ്. വിദ്യാർത്ഥികളുടെ യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയവുമായും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായും ചേർന്ന് സംയുക്ത പരിശോധനകളും ക്രമീകരണങ്ങളും തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.









