മനാമ: ടെലികമ്യൂണിക്കേഷൻ ശൃംഖലകളും ഇന്റർനെറ്റും ഉപയോഗിച്ച് വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ ചൈനീസ് അധികൃതർ തിരയുന്ന 40-കാരനായ ചൈനീസ് പൗരനെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റർപോൾ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര സുരക്ഷാ സഹകരണത്തിന്റെയും വിവര വിനിമയത്തിന്റെയും ഭാഗമായാണ് നടപടി.
പ്രതിക്കെതിരെ ഇന്റർപോൾ ‘റെഡ് നോട്ടീസ്’ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ബഹ്‌റൈനിൽ നടത്തിയ തിരച്ചിലിലാണ് പ്രതി പിടിയിലായത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, ഇയാളെ ബഹ്‌റൈനിലെത്തിയ ചൈനീസ് സുരക്ഷാ സംഘത്തിന് കൈമാറിയതായി അധികൃതർ അറിയിച്ചു.
അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനും, അന്താരാഷ്ട്ര തലത്തിൽ തിരയപ്പെടുന്ന കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും ആഗോള സുരക്ഷാ ഏജൻസികളുമായും ഇന്റർപോളുമായും ചേർന്ന് ശക്തമായ സഹകരണം തുടർന്നുപോരുമെന്ന് ജനറൽ ഡയറക്ടറേറ്റ് വ്യക്തമാക്കിക്കൊണ്ട് മുന്നറിയിപ്പ് നൽകി.









