മനാമ: ബഹ്‌റൈൻ രാജ്യത്തിന്റെ വികസന യാത്രയ്ക്കൊപ്പം ചേർന്നുനിന്ന് 20 വർഷം പൂർത്തിയാക്കിയതിന്റെ ആഘോഷ നിറവിൽ ലുലു ഗ്രൂപ്പ്. രണ്ടു പതിറ്റാണ്ടുകാലത്തെ നിക്ഷേപം, സ്വദേശിവത്കരണം, ഭക്ഷ്യസുരക്ഷ, പ്രാദേശിക ഉൽപ്പാദകർക്കുള്ള പിന്തുണ എന്നിവയുടെ സ്മരണ പുതുക്കിക്കൊണ്ട് ദാന മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ സംഘടിപ്പിച്ച വാർഷികാഘോഷം ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഉദ്ഘാടനം ചെയ്തു.
തൊഴിൽ-നിയമകാര്യ മന്ത്രി യൂസിഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലഫ്, വ്യവസായ വാണിജ്യ മന്ത്രി അബ്ദുള്ള ബിൻ ആദിൽ ഫഖ്റൂ, ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലി എന്നിവരും പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

20 വർഷങ്ങൾക്കുമുമ്പ് തുടക്കമിട്ട ലുലുവിന് നിലവിൽ ബഹ്‌റൈനിലുടനീളം 13 ഹൈപ്പർമാർക്കറ്റുകളുണ്ട്. 150-ലധികം ബഹ്‌റൈനി ചെറുകിട-ഇടത്തരം സംരംഭങ്ങളുമായും പ്രാദേശിക കർഷകരുമായും സഹകരിച്ച് പ്രവർത്തിക്കുന്ന ലുലു, ‘മേഡ് ഇൻ ബഹ്‌റൈൻ’ ഉൽപ്പന്നങ്ങൾക്ക് ആഗോളതലത്തിൽ വലിയ വിപണിയാണ് ഒരുക്കുന്നത്.

ബഹ്‌റൈന്റെ വളർച്ചയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. രാജ്യത്തിന്റെ ദീർഘവീക്ഷണമുള്ള ഭരണനേതൃത്വത്തിന്, പ്രത്യേകിച്ച് ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയ്ക്കും ബഹ്‌റൈനിലെ ജനങ്ങൾക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി. വരും വർഷങ്ങളിലും കൂടുതൽ നിക്ഷേപങ്ങൾ നടത്തി സ്വദേശി യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകാനും പ്രാദേശിക ബിസിനസ്സുകളെ പ്രോത്സാഹിപ്പിക്കാനും ഗ്രൂപ്പ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.









