small icons
small icons

ഇന്ത്യൻ സ്‌കൂൾ പ്രത്യേക ജനറൽ ബോഡിയിലെ ഏകപക്ഷീയ നടപടികൾ അംഗീകരിക്കില്ല: യു.പി.പി

New Project (5)

മനാമ: ബഹ്‌റൈൻ ഇന്ത്യൻ സ്കൂൾ പ്രത്യേക ജനറൽ ബോഡി യോഗത്തിൽ രക്ഷിതാക്കളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വോട്ടെടുപ്പും ഒഴിവാക്കി ഭരണസമിതി കൈക്കൊണ്ട ഏകപക്ഷീയമായ നടപടികൾ അംഗീകരിക്കാനാവില്ലെന്ന് യുണൈറ്റഡ് പേരന്റ്സ് പാനൽ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനാധിപത്യ മര്യാദകളും നിലവിലെ സ്കൂൾ ഭരണഘടനയും കാറ്റിൽപ്പറത്തിയാണ് മാനേജ്‌മെന്റ് യോഗ നടപടികളുമായി മുന്നോട്ടുപോയതെന്ന് നേതാക്കൾ ആരോപിച്ചു.

അക്കാദമിക് വിഷയങ്ങളൊഴികെയുള്ള ഫിനാൻസ്, ഭരണഘടനാ ഭേദഗതി തുടങ്ങിയ സുപ്രധാന കാര്യങ്ങളിൽ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷ പിന്തുണയോടെ മാത്രമേ തീരുമാനമെടുക്കാവൂ എന്നാണ് നിയമം. എന്നാൽ രഹസ്യ അജണ്ടകൾ തകരുമെന്ന ഭയത്താൽ ചെയർമാൻ വോട്ടെടുപ്പ് ആവശ്യത്തെ എതിർക്കുകയാണുണ്ടായത്. സ്വന്തം മുന്നണിയിലെ വനിതാ സ്റ്റാഫ് പ്രതിനിധിയും മുതിർന്ന അധ്യാപികയുമായ അംഗത്തിന് സംസാരിക്കാൻ അവസരം നിഷേധിക്കുകയും, അപമാനിച്ച് പുറത്താക്കുകയും ചെയ്ത സംഭവം സ്കൂളിന്റെ ചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്ന് യു.പി.പി വ്യക്തമാക്കി.

പ്രധാന ആരോപണങ്ങൾ:

  • ഫീസ് കുടിശ്ശിക നിബന്ധന: വെറും രണ്ടു മാസത്തെ ഫീസ് കുടിശ്ശികയുള്ള രക്ഷിതാക്കൾക്ക് പോലും ജനറൽ ബോഡിയിൽ സംബന്ധിക്കാനും വോട്ട് ചെയ്യാനുമുള്ള അവകാശം നിഷേധിച്ചത് സാധാരണക്കാരായ രക്ഷിതാക്കൾക്ക് ഇരുട്ടടിയായി.

  • ഭരണഘടനാ ഭേദഗതി ഭീഷണി: സി.ആർ വിഷയത്തിൽ സ്കൂളിന്റെ പേരിൽ തന്നെ സി.ആർ എടുക്കാൻ രക്ഷിതാക്കൾ ഏകകണ്ഠമായി തീരുമാനമെടുത്തിരുന്നു. എന്നാൽ പ്രാർത്ഥനാ വേളയ്ക്ക് ശേഷം യോഗം പുനരാരംഭിച്ചപ്പോൾ ഭരണഘടന മാറ്റാൻ തീരുമാനമെടുത്തു എന്ന് ചെയർമാൻ പൊടുന്നനെ പ്രഖ്യാപിക്കുകയായിരുന്നു.

  • ചർച്ചയില്ലാതെ നിയമ നിർമ്മാണം: ഭരണഘടനാ ഭേദഗതിയുടെ കരടിലെ അക്ഷരത്തെറ്റുകളും ഗുരുതരമായ പിഴവുകളും രക്ഷിതാക്കൾ ചൂണ്ടിക്കാണിച്ചിട്ടും വ്യക്തമായ മറുപടി നൽകാതെ യോഗത്തിൽ നിന്ന് ചെയർമാൻ ഇറങ്ങിപ്പോയി. പിന്നീട് രക്ഷിതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് തിരിച്ചെത്തിയെങ്കിലും വോട്ടെടുപ്പിന് തയ്യാറായില്ല.

  • സർക്കുലറിലെ വൈരുദ്ധ്യം: ഭരണഘടന ചർച്ച ചെയ്യാൻ മറ്റൊരു മീറ്റിംഗ് ഉടൻ വിളിക്കാമെന്ന് പറഞ്ഞാണ് വെള്ളിയാഴ്ച യോഗം അവസാനിപ്പിച്ചത്. എന്നാൽ കാര്യങ്ങളെല്ലാം പാസ്സായി എന്ന് കാണിച്ച് സ്കൂൾ സർക്കുലർ ഇറക്കിയത് രക്ഷിതാക്കളെ വഞ്ചിക്കുന്നതിന് തുല്യമാണ്. കെട്ടിട നിർമ്മാണം ഉൾപ്പെടെയുള്ള നാലാമത്തെ അജണ്ട ചർച്ച ചെയ്യുകപോലും ചെയ്തില്ല.

പാസ്സാക്കിയെന്ന് അവകാശപ്പെടുന്ന നിയമ ഭേദഗതികൾക്ക് സാധുതയില്ലാത്തതിനാൽ എത്രയും വേഗം മറ്റൊരു ജനറൽ ബോഡി മീറ്റിംഗ് വിളിച്ച് ജനാധിപത്യപരമായ രീതിയിൽ രക്ഷിതാക്കളുടെ അംഗീകാരം തേടണമെന്ന് യു.പി.പി ആവശ്യപ്പെട്ടു.

വാർത്താസമ്മേളനത്തിൽ യു.പി.പി നേതാക്കളായ ഖിലർ വലിയകത്ത്, എഫ്.എം. ഫൈസൽ, ഡോ. ശ്രീദേവി, ഫിലിപ്പ് കറുകച്ചാൽ, ചന്ദ്രബോസ്, ഷിബിൻ തോമസ്, റെജീന ഇസ്മായിൽ, സന്ധ്യ സതീഷ്, ഫഹദ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!