മനാമ: ബഹ്റൈനിലെ മലയാളി പ്രവാസി സമൂഹത്തിന് കരുത്തുപകരാൻ പുതിയൊരു സാമൂഹിക-സാംസ്കാരിക കൂട്ടായ്മയ്ക്ക് കൂടി ഔദ്യോഗിക അംഗീകാരം ലഭിച്ചു. സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ സാലഹ് അൽ അലവിയുടെ 2026-ലെ 68-ാം നമ്പർ ഉത്തരവ് പ്രകാരമാണ് ‘ദി മലയാളി സൊസൈറ്റി’ എന്ന പേരിൽ പുതിയ സംഘടനയ്ക്ക് ലൈസൻസ് അനുവദിച്ചിരിക്കുന്നത്. നിയമലംഘനങ്ങൾ നടത്തിയ 62 സംഘടനകളുടെ ലൈസൻസ് റദ്ദാക്കിയ പശ്ചാത്തലത്തിലാണ് പുതിയ പ്രവാസി കൂട്ടായ്മയ്ക്ക് അംഗീകാരം ലഭിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
മനാമ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സംഘടന, കേരളത്തിൽ വേരുകളുള്ള ബഹ്റൈനിലെ മുഴുവൻ മലയാളികൾക്കുമായി സേവനങ്ങൾ ലഭ്യമാക്കും. സാമ്പത്തിക പ്രയാസങ്ങൾ അനുഭവിക്കുന്നവർക്ക് സഹായമേകുക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുക, കല-കായിക-സാംസ്കാരിക രംഗങ്ങളെ ഒന്നിപ്പിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യങ്ങൾ. അംഗീകൃത അനുമതികളോടെ വർക്ക്ഷോപ്പുകൾ, ബോധവൽക്കരണ ക്ലാസുകൾ, സാംസ്കാരിക വിനിമയ പരിപാടികൾ എന്നിവയും സൊസൈറ്റി സംഘടിപ്പിക്കും.
അംഗത്വവും പ്രവർത്തനങ്ങളും: ബഹ്റൈനിൽ താമസിക്കുന്ന, 18 വയസ്സ് തികഞ്ഞ, മാതാപിതാക്കളിൽ ആരെങ്കിലും മലയാളിയായതോ കേരളത്തിൽ ജനിച്ചതോ ആയ മലയാളം സംസാരിക്കുന്ന ആർക്കും സംഘടനയിൽ അംഗമാകാം. എന്നാൽ രാഷ്ട്രീയ പ്രവർത്തനങ്ങളും ഊഹക്കച്ചവട സാമ്പത്തിക ഇടപാടുകളും കർശനമായി നിരോധിച്ചിരിക്കുന്നു. ബഹ്റൈന് പുറത്തുള്ള ഏതെങ്കിലും സംഘടനകളുമായി ബന്ധപ്പെടുന്നതിന് മുൻപ് മന്ത്രാലയത്തിന്റെ അനുമതി തേടേണ്ടതാണ്.
സ്ഥാപക അംഗങ്ങളും ഭരണസമിതിയും: പത്ത് സ്ഥാപക അംഗങ്ങളുടെ നേതൃത്വത്തിലാണ് സൊസൈറ്റി രൂപീകരിച്ചിരിക്കുന്നത്:
-
എടക്കാട്ട് വേലായുധൻ രഘുപ്രകാശൻ
-
ബാബു തങ്കളത്തിൽ നൈനാൻ
-
ജെയിംസ് ജോൺ
-
ഹരീഷ് ശങ്കരൻ നായർ
-
ഉഷ സുരേഷ്
-
വിജേഷ് കൊണ്ടേടത്ത്
-
അമൽദേവ് ഒതയോത്ത് കൊല്ലറത്ത്
-
സിന്ധു രജനീഷ് കുമാർ
-
ഡെസ്മണ്ട് ജോൺ ഗോമസ്
-
സ്വാതി പ്രമോദ്
രണ്ട് വർഷത്തെ കാലാവഴിയുള്ള എട്ടംഗ ഭരണസമിതി രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുക്കപ്പെടുക. അംഗത്വ ഫീസ്, സംഭാവനകൾ, ജീവകാരുണ്യ പരിപാടികൾ എന്നിവയിലൂടെ ഫണ്ട് സമാഹരിക്കുന്ന സൊസൈറ്റി കൃത്യമായ വാർഷിക കണക്കുകൾ ജനറൽ ബോഡിക്ക് മുമ്പിൽ അവതരിപ്പിക്കും.









