മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ വിജയദശമിയോടനുബന്ധിച്ച് വിദ്യാരംഭ ചടങ്ങുകൾ പ്രൗഢജ്ജ്വലമായി സംഘടിപ്പിച്ചു. ഒക്ടോബർ 21 ബുധനാഴ്ച പുലർച്ചെ 5 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ആരംഭിച്ച ചടങ്ങിൽ നൂറുകണക്കിന് കുരുന്നുകൾ അറിവിന്റെ ആദ്യപാഠങ്ങൾ കുറിച്ചു.
മലയാളത്തിലെ പ്രമുഖ സാഹിത്യകാരിയും സ്വതന്ത്ര പത്രപ്രവർത്തകയുമായ കെ. ആർ. മീരയാണ് വിദ്യാരംഭത്തിന് നേതൃത്വം നൽകി കുട്ടികളെ എഴുത്തിനിരുത്തിയത്. പ്രവാസ ലോകത്തെ വിശിഷ്ടമായ ഈ നിമിഷത്തിന് സാക്ഷ്യം വഹിക്കാനും കുരുന്നുകളുടെ പഠനാരംഭത്തിന് അനുഗ്രഹം നൽകാനുമായി രക്ഷിതാക്കളും കുടുംബാംഗങ്ങളും സമാജം ഭാരവാഹികളും വലിയ ജനപങ്കാളിത്തത്തോടെ എത്തിച്ചേർന്നിരുന്നു.
കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ, വയലാർ അവാർഡ്, ഓടക്കുഴൽ പുരസ്കാരം തുടങ്ങി നിരവധി പ്രമുഖ ബഹുമതികൾ നേടിയിട്ടുള്ള പ്രശസ്ത എഴുത്തുകാരി കെ. ആർ. മീരയുടെ സാന്നിധ്യം ഇത്തവണത്തെ സമാജം വിദ്യാരംഭത്തിന് മാറ്റുകൂട്ടി. പ്രവാസ മണ്ണിൽ മാതൃഭാഷയുടെയും സംസ്കാരത്തിന്റെയും മഹിമ നിലനിർത്തിക്കൊണ്ട് സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.









