മനാമ: ബഹ്‌റൈനിലെ ഹരിപ്പാട് നിവാസികളുടെ കൂട്ടായ്മ “ഹരിഗീതപുരം ബഹ്‌റൈന്റെ” ഈ വർഷത്തെ ഓണാഘോഷം സെൽമാനിയ കലവറ റെസ്റ്റോറന്റെ ഹാളിൽ ആഘോഷിച്ചു. ബഹ്റൈനിലെ പ്രവർത്തനങ്ങളുടെ ഒൻപതാം വർഷം പൂർത്തിയാക്കുന്ന വേളയിൽ സംഘടിപ്പിച്ച ഈ ആഘോഷം അംഗങ്ങളുടെയും, കുടുംബാംഗങ്ങളുടെയും സാന്നിധ്യത്താൽ ശ്രദ്ധേയമായി.
വളരെ വർണാഭമായ അത്തപ്പൂക്കളവും, കുട്ടികളുടെ വിവിധ കലാപരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. ഹരിഗീതപുരം ബഹ്‌റൈന്റെ ഗായകരുടെ മനോഹരമായ ഗാനങ്ങളുടെ അവതരണവും മറ്റ് കലാപ്രതിഭകളുടെ പ്രകടനങ്ങളും ചടങ്ങിനെ സാംസ്കാരികമായി സമ്പന്നമാക്കി. കലയും സംസ്കാരവും ഒത്തുചേർന്ന വേദിയിൽ നിരവധി അംഗങ്ങൾ തങ്ങളുടെ കഴിവുകൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ അഭിനന്ദനം ഏറ്റുവാങ്ങി.
പരിപാടിയുടെ ഭാഗമായി, ബഹ്റൈനിൽ 54 വർഷത്തെ പ്രവാസജീവിതം പൂർത്തിയാക്കിയ ഹരിപ്പാട് സ്വദേശി ശ്രീ. എസ്. എം. പിള്ളയെ ആദരിച്ചു. ഹരിഗീതപുരം ബഹ്റൈൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിൽ പ്രമുഖ മാധ്യമപ്രവർത്തകനും ഹരിപ്പാട് സ്വദേശിയും ആയ ശ്രീ. സോമൻ ബേബി അദ്ദേഹത്തിന് മെമന്റോ സമർപ്പിക്കുകയും തുടർന്ന് പൊന്നാട അണിയിച്ച് അനുമോദിക്കുകയും ചെയ്തു. ദീർഘകാല പ്രവാസജീവിതത്തിലൂടെ സമൂഹത്തിന് നൽകിയ സംഭാവനകളെയും മാതൃകാപരമായ ജീവിതയാത്രയെയും ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു.
തുടർന്ന് നടന്ന വിഭവസമൃദ്ധമായ ഓണസദ്യയിൽ എല്ലാ അംഗങ്ങളും കുടുംബസമേതം പങ്കുചേർന്ന് ആഘോഷത്തിൽ പങ്കാളികളായി. സൗഹൃദവും ഐക്യവും പരസ്പര സ്നേഹവും നിറഞ്ഞ അന്തരീക്ഷത്തിൽ പഴയ ഓർമ്മകൾ പങ്കുവെച്ചും പുതിയ ബന്ധങ്ങൾ ഊട്ടിയുറപ്പിച്ചും ആഘോഷം സജീവമായി.
ഓണത്തിന്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച ഈ ചടങ്ങ് ഹരിഗീതപുരം ബഹ്റൈന്റെ ഒൻപത് വർഷത്തെ കൂട്ടായ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തും ഊർജവും പകർന്നു. പങ്കെടുത്ത എല്ലാവരുടെയും സഹകരണവും സാന്നിധ്യവും കൊണ്ട് ഈ ഓണഘോഷം അവിസ്മരണീയം ആയ ഒരു അനുഭവം ആയി മാറി.









