കേന്ദ്ര ബഡ്ജറ്റ് നിരാശാജനകം: ബിനു കുന്നന്താനം 

മനാമ: പുതിയ കേന്ദ്ര ഗവണ്മെന്റിന്റെ ബഡ്ജറ്റ് നിരാശജനകം എന്ന് ഒഐസിസി ദേശീയ കമ്മറ്റി വിലയിരുത്തി. രാജ്യത്ത് പെട്രോൾ – ഡീസൽ വിലയിൽ വർദ്ധനവ് വരുത്തിയതിലൂടെ നിത്യോപയോഗ സാധനങ്ങളിൽ വലിയ വർദ്ധനവ് രാജ്യം അനുഭവിക്കുവാൻ പോവുകയാണ്. കാർഷീക മേഖലയെ, പ്രത്യേകിച്ചു നാമ മാത്ര, സാധാരണ കർഷകരെ പൂർണ്ണമായും അവഗണിച്ചിരിക്കുകയാണ് ഈ സർക്കാർ. തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും എന്ന് പറഞ്ഞു അധികാരത്തിൽ വന്നവർ ബഡ്ജറ്റിൽ അത് ഒഴിവാക്കിയത് ജനങ്ങളോടുള്ള അവഹേളനയായി കരുതുന്നു. പി എം. കിസാൻ യോജന പദ്ധതിയിൽ വളരെ വലിയ തുക ഉൾപ്പെടുത്തി എങ്കിലും, ഇത് എങ്ങനെ വിനിയോഗിക്കും എന്ന് പറയുന്നില്ല. രാജ്യത്തെ കോടികണക്കിന് വരുന്ന സാധാരണ കർഷകർ വായ്പ എടുത്ത് കുടിശിക വന്നിരിക്കുന്ന സാഹചര്യത്തിൽ അവരുടെ വായ്പ കുടിശിക എഴുതിതള്ളാൻ ഈ തുക ഉപയോഗിക്കുന്നതിന് പകരം, നിലവിലെ കർഷകർക്ക് കുടിശിക ഉള്ളത് കൊണ്ട് ബാങ്കുകൾ പുതിയ വായ്പ അനുവദിക്കാതെ വരും, ആ സാഹചര്യത്തിൽ സ്വകാര്യ മേഖലയിലെ ഭീമന്മാർ കാർഷിക മേഖല കയ്യടക്കുവാൻ സാധ്യത ഉണ്ട്, ഈ ആളുകൾ കാർഷീക മേഖലയിലെ തുക കൊണ്ടുപോകാൻ സാധ്യത ഉണ്ട്. കാർഷീക മേഖലയുടെ പുരോഗതി ആണ് സർക്കാർ ലക്ഷ്യം ഇടുന്നത് എങ്കിൽ പലിശ രഹിത വായ്‍പയാണ് ഇപ്പോൾ കർഷകർ ആഗ്രഹിക്കുന്നത്. സാമ്പത്തികമായി മുന്നോക്കം നിൽക്കുന്ന ആളുകളിൽ നിന്ന് കൂടുതൽ ടാക്സ് ഈടാക്കും എന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്, കോടികണക്കിന് വരുമാനം ഉണ്ടാക്കുന്നവർ ബാങ്ക്കളിൽ നിന്ന് വായ്പ എടുത്തിട്ട് തിരിച്ചടക്കാതിരിക്കുകയും, നാളുകൾക്ക് ശേഷം അവരുടെ വായ്പ എഴുതി തള്ളുകയും ചെയ്യുന്ന കേന്ദ്രഗവണ്മെന്റ് നയം എങ്ങനെ ഈ തുക ഈടാക്കുന്ന കാര്യത്തിൽ പ്രാവർത്തികം ആക്കും എന്ന് പറയുന്നില്ല.

 

കേരളത്തിലെ ജനങ്ങളോട് കേന്ദ്ര ഗവണ്മെന്റ് ശത്രുതാ മനോഭാവമാണ് കാട്ടുന്നത്. പ്രളയം മൂലം സർവ്വവും നശിച്ച കേരളം, അതിനു ശേഷം കേന്ദ്രം അവതരിപ്പിച്ച സമ്പൂർണ്ണ ബഡ്ജറ്റിൽ കൂടുതൽ സഹായം പ്രതീക്ഷിച്ചിരുന്നു. എന്നാൽ കേരളത്തിലെ ജനങ്ങൾ ബി ജെ പി ക്കെതിരെ ഒന്നിച്ചു നിന്നു എന്ന ഒറ്റക്കാരണത്താൽ കേരളത്തിന്‌ അർഹതപ്പെട്ട എയിഎംസ്‌ അനുവദിക്കാതിരിക്കുകയും, എല്ലാവർഷവും കേരളം അഭിമുഖീകരിക്കുന്ന നിപ്പാ വൈറസ് പോലെയുള്ള മാരക രോഗങ്ങൾ പടരുമ്പോൾ, അതിന്റെ പരിശോധന നടത്തുവാനുള്ള വൈറോളജി ലാബ് സൗകര്യം എന്ന ആവശ്യവും കേന്ദ്രം നിരാകരിക്കുകയാണ് ചെയ്തത്. കേരളത്തിലെ റബ്ബർ കർഷകരുടെ ദീർഘകാലമായി ഉള്ള ആവശ്യം ആയിരുന്നു റബ്ബറിന്റ താങ്ങുവില വർധിപ്പിക്കുക എന്നുള്ളത്. അതിനുള്ള ഒരു പദ്ധതിയും ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല എന്നുള്ളത് കേരളത്തിലെ റബ്ബർ കർഷകരോടുള്ള വെല്ലുവിളിയായി കാണുവാൻ സാധിക്കും.

 

പ്രവാസികൾക്ക് ആധാർ കാർഡ് ലഭ്യമാക്കും എന്നുള്ള പ്രഖ്യാപനം സ്വാഗതാർഹം ആണെങ്കിലും, ലോകം മുഴുവൻ ഉള്ള , പ്രത്യേകിച്ച് ഗൾഫ് നാടുകളിൽ ഉള്ള പ്രവാസികൾ വളരെ കഷ്ട്ടപ്പാടിലൂടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്, ദിവസവും അനേകം പ്രവാസികളുടെ തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു, തിരിച്ചു വരുന്ന പ്രവാസികളെ പുരധിവസിപ്പിക്കാനുള്ള ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ല എന്നുള്ളത് നിരാശജനകമാണ്.

പെട്രോൾ- ഡീസൽ വിലവർദ്ധനവ് കൂടാതെ നിർമ്മാണ മേഖലയിലെ സാധന സാമഗ്രികളുടെ വില വർദ്ധനവ് കേരളത്തിൽ പ്രളയം മൂലം ഭവനം നഷ്ട്ടപെട്ട പാവങ്ങൾക്ക് കിട്ടിയ ഇരുട്ടടിയായി മാറും എന്ന കാര്യത്തിൽ സംശയം ഇല്ല. ബഡ്ജറ്റിൽ വലിയ പ്രഖ്യാപനം ഉണ്ടെങ്കിലും ഇപ്പോളത്തെ സാഹചര്യത്തിൽ ജനങ്ങൾക്ക് അവരുടെ ജീവിത സാഹചര്യം ഉയർത്തുവാൻ ഉള്ള യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല എന്നുള്ളത് നിരാശജനകം ആണ് എന്ന് ബിനു കുന്നന്താനം പ്രസ്താവനയിലൂടെ അറിയിച്ചു.