small icons
small icons

ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ തിരഞ്ഞെടുപ്പ്: പുതിയ ഭരണഘടന എന്ന വാദം ഭരണസമിതിയുടെ ഇരട്ടത്താപ്പെന്ന് യുണൈറ്റഡ് പേരന്റ് പാനൽ (യു.പി.പി)

upp

മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിൽ ഡിസംബർ 11-ന് നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിനെ യുണൈറ്റഡ് പേരന്റ് പാനൽ (UPP) സ്വാഗതം ചെയ്തു. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ പുതിയൊരു ഭരണസമിതി അധികാരത്തിൽ വരേണ്ടത് സ്കൂളിന്റെ പുരോഗതിക്കും രക്ഷിതാക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും അനിവാര്യമാണെന്ന് യു.പി.പി നേതാക്കൾ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി. എന്നാൽ, ഈ തിരഞ്ഞെടുപ്പിന് അടിസ്ഥാനമാക്കുമെന്ന് പറയുന്ന പുതിയ ഭരണഘടനയുടെ സാധുതയെക്കുറിച്ച് രക്ഷിതാക്കൾക്കിടയിൽ ഗൗരവമായ ചോദ്യങ്ങളും ആശങ്കകളുമുണ്ടെന്നും, ഇക്കാര്യത്തിൽ ഭരണസമിതി ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്നും യു.പി.പി ആരോപിച്ചു.

യു.പി.പി ഉന്നയിക്കുന്ന പ്രധാന വിമർശനങ്ങൾ:

  • ഭരണഘടനാ ഭേദഗതിയുടെ സാധുത: രക്ഷിതാക്കൾ ജനറൽ ബോഡിയിൽ വിശദമായി ചർച്ച ചെയ്ത് അംഗീകരിക്കുകയോ രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കുകയോ ചെയ്യാത്ത ഒരു ഭരണഘടനയാണ് പാസാക്കിയതായി അവകാശപ്പെടുന്നത്. 75 വർഷം പഴക്കമുള്ളതും ഇരുപതിനായിരത്തിലധികം പേരെ ബാധിക്കുന്നതുമായ ഒരു മഹത്തായ സ്ഥാപനത്തിന്റെ ഭരണഘടനാ മാറ്റം നിസ്സാരമായി കാണുന്നത് അപഹാസ്യകരമാണ്. നിയമവിദഗ്ധരും സമൂഹത്തിലെ പ്രമുഖരും രക്ഷിതാക്കളും ദിവസങ്ങളോളം ചർച്ച ചെയ്ത് രൂപപ്പെടുത്തേണ്ട പ്രക്രിയയാണിതെന്ന് ബന്ധപ്പെട്ടവർ തിരിച്ചറിയാതെ പോകുന്നത് വേദനാജനകമാണെന്നും യു.പി.പി ചൂണ്ടിക്കാട്ടി.

  • മത്സര യോഗ്യതയിലെ നിലപാട്: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ കുറഞ്ഞത് രണ്ടുവർഷമെങ്കിലും സ്കൂളിലെ രക്ഷിതാവായിരിക്കണമെന്ന വ്യവസ്ഥയെ യു.പി.പി തത്വത്തിൽ സ്വാഗതം ചെയ്യുന്നു. എന്നാൽ ഒരു ഭരണസമിതിയുടെ കാലാവധി മൂന്നുവർഷമായതിനാൽ, മത്സരിക്കുന്നവർക്ക് കുറഞ്ഞത് മൂന്നുവർഷമെങ്കിലും രക്ഷിതാവായിരിക്കണമെന്ന നിബന്ധനയാണ് വേണ്ടതെന്നും, അതും ജനറൽ ബോഡിയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ രഹസ്യ ബാലറ്റിലൂടെ പാസാക്കേണ്ടതാണെന്നും യു.പി.പി വ്യക്തമാക്കി.

  • ഭരണസമിതിയിലെ ഇരട്ടത്താപ്പ്: രണ്ടുവർഷം രക്ഷിതാക്കളല്ലാത്തവർ മത്സരിക്കരുതെന്ന് വാദിക്കുന്നവർ തന്നെ, നിലവിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയെ പിന്നിൽനിന്ന് നിയന്ത്രിക്കുന്നത് ആരൊക്കെയാണെന്ന് ഓർക്കണം. രക്ഷിതാക്കളല്ലാത്ത ഒന്നോ രണ്ടോ പേരടങ്ങിയ ഒരു ചെറിയ ഉപജാപക സംഘമാണ് ഇന്നത്തെ ഭരണസമിതിയുടെ തീരുമാനങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുന്നതെന്ന ആക്ഷേപം ഭരണസമിതിക്കുള്ളിൽ നിന്നുതന്നെ ഉയരുന്നത് പരസ്യമായ രഹസ്യമാണ്. രക്ഷിതാക്കളല്ലാത്തവരുടെ ആഭ്യന്തര ഇടപെടലുകൾ അനുവദിക്കുകയും, മത്സരിക്കുന്നതിനുള്ള യോഗ്യതയുടെ പേരിൽ മാത്രം പുതിയ വ്യവസ്ഥകൾ മുന്നോട്ടുവെക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും യു.പി.പി കുറ്റപ്പെടുത്തി.

ഇന്ത്യൻ സ്കൂളിന്റെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസ്യതയും വിദ്യാഭ്യാസ മികവും തിരിച്ചുപിടിക്കാനും, സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ ഒരു പുതിയ ഭരണസമിതി അധികാരത്തിൽ വരാനും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ യു.പി.പി ആ വലിയ ദൗത്യം ഏറ്റെടുക്കുമെന്നും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ അഭ്യർത്ഥിക്കുന്നതായും യു.പി.പി നേതാക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!