മനാമ: ബഹ്‌റൈനിൽ മലയാളിയെ ക്രൂരമായി കൊലപ്പെടുത്തിയ സുഡാൻ പൗരന് വധശിക്ഷ വിധിച്ചു. കോഴിക്കോട്, താമരശേരി പരപ്പൻപ്പൊയിൽ ജിനാൻ തൊടുക ജെ.ടി. അബ്ദുല്ലക്കുട്ടിയുടെ മകൻ അബ്ദുൽ നഹാസിനെ(31) കൊലപ്പെടുത്തിയ കേസിലാണ് 41 കാരനായ സുഡാൻ പൗരന് ഇന്ന് ബഹ്‌റൈൻ ഹൈ ക്രിമിനൽ കോടതി വധശിക്ഷക്ക് വിധിച്ചത്. 2018 ജൂലൈ 3 നായിരുന്നു ഹൂറ എക്സിബിഷന് റോഡില് അല് അസൂമി മജ്ലിസിന് സമീപത്തെ താമസസ്ഥലത്ത് വച്ച് നഹാസിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വിവരങ്ങളൊന്നും ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ താമസ സ്ഥലത്തു ചെന്നു നോക്കിയപ്പോഴാണ് മുറിയില് മരിച്ചുകിടക്കുന്ന നിലയില് നഹാസിനെ കണ്ടത്. കൈകള് പിറകില് കെട്ടി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതക ശേഷം തെളിവ് നശിപ്പിക്കാനായി മുറിയിൽ പലവ്യഞ്ജനങ്ങളും, മുളക് പൊടി എന്നിവയും വാരി വിതറിയ നിലയിലായിരുന്നു.
ഊർജ്ജിതമായി നടത്തിയ അന്വേഷണത്തിനൊടുവിൽ നഹാസിൻറെ അയൽ താമസക്കാരനായ സുഡാൻ പൗരനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു. ഏറെ വൈകാതെ തന്നെ ക്രൂരമായി നടത്തിയ കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പ്രതി തന്റെ മൊബൈലിൽ പകർത്തിയതായി പോലീസ് കണ്ടെത്തിയത് കേസിന് കൂടുതൽ വഴിത്തിരിവായി. കൈകൾ പിന്നിൽ കെട്ടി ക്രൂരമായി മർദിച്ച ശേഷം ചുറ്റിക കൊണ്ട് തലക്കടിച്ചാണ് താൻ കൊലപ്പെടുത്തിയതെന്ന് പ്രതി കോടതിയിൽ സമ്മതിക്കുകയുമുണ്ടായി. നഹാസുമായി ഇടയ്ക്കിടെ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നെന്നും അയാളുടെ വഴിവിട്ട പ്രവർത്തികളിൽ താൻ രോഷാകുലനായിരുന്നെന്നും, പല തവണ സംസാരിച്ചതിന് ശേഷമായിരുന്നു കൊലപാതകമെന്നും പ്രതി കോടതിയിൽ പറഞ്ഞു. കരുതിക്കൂട്ടി നടത്തിയ കൊലപാതകവും അത് മൊബൈലിൽ പകർത്തിയ പ്രതിയുടെ സ്വഭാവവും പരിഗണിച്ചു പ്രതിയെ കോടതി മാനസികാരോഗ്യ പരിശോധനക്ക് വിധേയമാക്കുകയുമുണ്ടായി. വൈദ്യ പരിശോധനയിൽ കാര്യപ്പെട്ട പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നതിനാൽ സാക്ഷി വിസ്താരമടക്കം കോടതി വിചാരണ നടപടികളുമായി മുന്നോട്ടു പോവുകയായിരുന്നു.
സംഭവം നടന്നു ഒരു വര്ഷം പൂർത്തിയാകുന്ന അവസരത്തിലാണ് കോടതിയുടെ വിധി. മനഃപൂർവം കരുതിക്കൂട്ടി നടത്തിയ നരഹത്യയായതിനാൽ വിചാരണകൾ പൂർത്തീകരിച്ചു വധശിക്ഷയിലേക്കു തന്നെ കോടതി നീങ്ങുകയായിരുന്നു.