മനാമ: മലയാള ഭാഷയിലും സാഹിത്യത്തിലും സമാനതകളില്ലാത്ത ഭാവനയുടെയും ആധുനികതയുടെയും നാഴിക കല്ലായി മാറിയ ഖസാക്കിന്റെ ഇതിഹാസം നോവലിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു ബഹ്‌റൈൻ കേരളീയ സമാജം സാഹിത്യ വേദിയും വായനശാലയും ചേർന്ന് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം നോവൽ വായന മത്സരം സമാജം ബാബുരാജ് ഹാളിൽ നടന്നു. മത്സരത്തിൽ നാൽപ്പതോളം പേർ പങ്കെടുത്തു. ഒരു മത്സരാർത്ഥിക്ക് രണ്ട് പേജ് എന്ന രീതിയിൽ നോവൽപുർണ്ണമായും വായിച്ചു തീർക്കുന്ന തരത്തിൽ ഒരുക്കിയ മത്സരം മൂന്ന് മണിക്കൂറിലേറെ നീണ്ടുനിന്നു.
ഉച്ചാരണ ശുദ്ധി കൊണ്ടും അവതരണ ഭംഗികൊണ്ടും മത്സരാർത്ഥികളെല്ലാം മികച്ച നിലവാരം പുലർത്തിയ വായനമത്സരത്തിൽ രോഷ്നാര അഫ്സൽ പള്ളിക്കര ഒന്നാം സ്ഥാനവും ശ്രീജിത്ത് ഫാറൂഖ്, വിനോദ് വി ദേവൻ എന്നിവർ രണ്ടും മുന്നും സ്ഥാനവും നേടി. വായന മത്സരം ബി കെ എസ് പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ഉൽഘടനം ചെയ്തു. സജി മാർക്കോസ്, ബഷീർ, ശിവകുമാർ കുളത്തുപ്പുഴ എന്നിവർ വിധികർത്താക്കളായ പരിപാടി സാഹിത്യ വിഭാഗം സെക്രട്ടറി ബിജു എം സതീഷ്, കൺവീനർ ഷബിനി വാസുദേവ്, എന്നിവർ നിയന്ത്രിച്ചു. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കവർ ചിത്ര നിർമ്മാണ മത്സരവും കാർട്ടൂൺ രചന മത്സരവും നേരത്തേ സംഘടിപ്പിച്ചിരുന്നു.
ആഘോഷങ്ങളോടനുബന്ധിച്ച്
അടുത്ത വ്യാഴം വെള്ളി ദിവസങ്ങളിൽ മലയാളത്തിലെ മികച്ച പ്രഭാഷകരിൽ ഒരാളായ എഴുത്തുകാരനും ചരിത്രകാരനുമായ ഡോ.പി കെ രാജശേഖരന്റെ ദ്വിദിന പ്രഭാഷണവും സംഘടിപ്പിക്കുണ്ട്. ആദ്യ ദിവസം ‘ഖസാക്ക് ഇതിഹാസവുമ്പോൾ’ എന്ന വിഷയത്തിലും രണ്ടാമത്തെ ദിവസം ‘മലയാളികളുടെ പ്രവാസ ജീവിതം’ എന്ന വിഷയത്തിലും അദ്ദേഹം പ്രഭാഷണം നടത്തുമെന്ന് ബി കെ എസ് പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളയും സെക്രട്ടറി എം.പി രഘുവും അറിയിച്ചു.