ദുബായ്: ദുബായ് റോഡുകളിൽ ഇനി മുതൽ സൗജന്യ വൈഫൈയും എല്ലാ സീറ്റുകളിലും യു.എസ്.ബി ചാർജിങ് സംവിധാനവുമുള്ള പുതിയ ബസുകൾ ഓടിത്തുടങ്ങും. പുതിയ സൗകര്യങ്ങളുള്ള 94 ബസുകൾ പുതുതായി റോഡിലിറങ്ങുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. ദുബായിയുടെ പൊതുഗതാഗതം അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയാണ് ആർ.ടി.എ.യുടെ ലക്ഷ്യമെന്ന് ചെയർമാൻ മാതർ അൽ തായർ പറഞ്ഞു.
17 റൂട്ടുകളിലാണ് പുതിയ ബസുകൾ സർവീസ് നടത്തുക. ഇന്ധന ഉപഭോഗം കുറവ്, ചക്രക്കസേരകൾ കയറ്റാനും ഇറക്കാനുമുള്ള സൗകര്യം, കുടുംബങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേക സ്ഥലം, എമർജൻസി എക്‌സിറ്റ്, അകത്തും പുറത്തുമായി സി.സി.ടി.വി. ക്യാമറകൾ എന്നി പ്രത്യേകതകളോടെയാണ് പുതിയ ബസ് ദുബായ് നിരത്തുകളിലോടുക. സുരക്ഷയ്ക്കു മുൻതൂക്കം നൽകിയാണ് ബസ് നിർമിച്ചിരിക്കുന്നത്.