തളിപ്പറമ്പ് സി.എച്ച് സെന്റർ പരിയാരം ബഹ്‌റൈൻ ചാപ്റ്റർ ‘സ്നേഹ സംഗമം 2019’ സംഘടിപ്പിച്ചു

മനാമ: വടക്കേ മലബാറില്‍ നിര്‍ധനരായ നിരവധി പേര്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് സി.എച്ച്സെന്റർ പരിയാരം ബഹ്‌റൈൻ ചാപ്റ്റർ കമ്മിറ്റി മനാമയില്‍ സ്നേഹ സംഗമം 2019 സംഘടിപ്പിച്ചു. നിലവില്‍ പരിയാരം മെഡിക്കൽ കോളേജിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന തളിപ്പറമ്പ സി.എച്ച് സെന്റർ നിർധനരായ 50 ഓളം വൃക്ക രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസും, മരണപ്പെടുന്നവര്‍ക്ക് മയ്യത്ത് പരിപാലനമുള്‍പ്പെടെയുള്ള അനുബന്ധ പ്രവർത്തനങ്ങളും നടത്തി വരികയാണ്.
2019 മാർച്ചിലാണ് സി.എച്ച് സെന്റർ ബഹ്‌റൈൻ ചാപ്റ്റർ രൂപീകൃതമായത്.

സി.എച്ച് സെന്റർ കേന്ദ്രീകരിച്ച് ഇതിനകം ജാതി-മത-ഭേദമന്യെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് സംഘടന ചെയ്തു വന്നത്. തുടര്‍ന്നും വിപുലമായ പദ്ധതികളാണ് ബഹ്റൈന്‍ ചാപ്റ്റര്‍ നാട്ടില്‍ നടപ്പിലാക്കാനിരിക്കുന്നതെന്നും ഇതിന് സുമനസ്സുകളുടെ സഹായ-സഹകരണം ആവശ്യമാണെന്നും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. നാട്ടിലെത്തുന്നവര്‍ ഒരിക്കലെങ്കിലും സി.എച്ച് സെന്‍റര്‍ സന്ദര്‍ശിക്കണമെന്നും സി.എച്ച് സെന്‍റര്‍ ചെയ്തു വരുന്ന ജീവ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെന്നും സന്ദര്‍ശകര്‍ക്കത് വ്യക്തമാകുമെന്നും ഭാരവാഹികള്‍ വിശദീകരിച്ചു.

സ്നേഹ സംഗമം 2019 കെഎംസിസി സംസ്ഥാന ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ ഉദ്ഘാടനം ചെയ്തു. സമസ്ത ബഹ്‌റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ സി.എച്ച് സെന്ററിന്റെ ആജീവനാന്ത മെമ്പർഷിപ് കാർഡ് വിതരണം, ഡയാലിസിസ് ഫണ്ട് കളക്ഷന്‍ എന്നിവ നടന്നു. കെഎംസിസി പയ്യന്നുർ മണ്ഡലം കമ്മിറ്റി നൽകുന്ന 60 യൂണിറ്റ് ഡയാലിസിസിനുള്ള ഫണ്ട് കമ്മിറ്റിക്ക് വേണ്ടി സയ്യിദ് ഫഖ്‌റുദ്ധീൻ കോയ തങ്ങൾ ഏറ്റു വാങ്ങി. ഈ വർഷത്തെ ഹജ്ജിന് പോകുന്ന അബ്ദുറസാഖ് നദ്‌വി ഉസ്താദിന് യാത്രയയപ്പ് നൽകി.

ചടങ്ങിൽ കമ്മറ്റി പ്രസിഡന്റ് ഇസ്മായിൽ പയ്യന്നുര്‍ അധ്യക്ഷത വഹിച്ചു. കെഎംസിസി സംസ്ഥാന, ജില്ലാ നേതാക്കളായ സിദ്ധീഖ് പി വി , മുസ്തഫ കെ പി , നൂറുദ്ധീൻ മുണ്ടേരി , അഹമ്മദ് കണ്ണൂർ , ഷംസു പാനൂർ , എ പി ഫൈസൽ , ഷഹീർ കാട്ടാമ്പള്ളി , ജാഫർ പാലക്കോട് , അബ്ദുറഹിമാൻ മാട്ടൂൽ , ഉസ്താദ് കെ എൻ എസ് മൗലവി എന്നിവർ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. സിഎച്ച് സെന്റർ ചെയ്തുവരുന്ന സേവനങ്ങള്‍ ലത്തീഫ് പൂമംഗലം വിശദീകരിച്ചു. ജസീർ നസീര്‍ വാരം ഖിറാഅത്ത് നടത്തി. ചാപ്റ്റർ സെക്രട്ടറി നൂറുദ്ധീൻ മാട്ടൂൽ സ്വാഗതവും എ ടി സി അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.