സുരേഷ് കുമാറിന് ലാൽ കെയെർസ് സമാഹരിച്ച ചികിത്സാധനസഹായം കൈമാറി

മനാമ: ലാൽ കെയെർസ് ബഹ്‌റൈൻ നടത്തി വരുന്ന പ്രതിമാസ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി ജൂലൈ മാസത്തെ സഹായം കൈമാറി. കാൽമുട്ടിന് ടൂമർ ബാധിച്ചു കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്ന കൊല്ലം സ്വദേശി സുരേഷ് കുമാറിനു ബഹ്‌റൈൻ ലാൽ കെയെർസ് അംഗങ്ങൾ സമാഹരിച്ച ചികിത്സാധനസഹായം എക്സിക്യു്ട്ടീവ് മെമ്പർ രഞ്ജിത് ലാൽ നേരിട്ട് കൈമാറി. സുരേഷിന് വേണ്ടി ചികിത്സാഫണ്ട് സമാഹരണം തുടരുന്ന തണൽ ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. തുടര്‍ചികിത്സയ്ക്ക് സുമനസ്സുകളുടെ കനിവ് തേടിക്കൊണ്ടിരിക്കുകയാണ് ഈ കുടുംബം. സഹായം എത്തിക്കാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ഈ നമ്പറിൽ +91-9020861494 ബന്ധപ്പെടാവുന്നതാണ്.