മനാമ: ഈ വർഷത്തെ വേനൽക്കാല ഉച്ചവിശ്രമ നിയമം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ വർക്ക് സൈറ്റിലെ ലംഘനങ്ങളിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. 5,674 സൈറ്റുകൾ പരിശോധിച്ചതിന് ശേഷം ചൊവ്വാഴ്ച വരെ 64 തൊഴിലാളികൾ ഉൾപ്പെട്ട 39 നിയമലംഘനങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം 40 ദിവസത്തിനുള്ളിൽ 8,437 സൈറ്റുകളിൽ നിന്ന് 294 തൊഴിലാളികൾ ഉൾപ്പെട്ട 141 നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. വേനൽക്കാലത്ത് തൊഴിലാളികളിൽ ചൂട് സംബന്ധമായ അസുഖങ്ങൾ തടയുകയെന്നതാണ് മിഡ്‌ഡേ ഔട്ട്ഡോർ വർക്ക് നിരോധനത്തിന്റെ പ്രധാന ലക്ഷ്യം.
ജീവനക്കാർ കടുത്ത വേനലിൽ ജോലി ചെയ്യുന്നതായി കണ്ടെത്തിയ എല്ലാ ലംഘനങ്ങളും നിർമ്മാണ സൈറ്റുകളിൽ റിപ്പോർട്ട് ചെയ്തതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. കുറച്ച് സൈറ്റുകളാണ് പരിശോധിച്ചതെങ്കിലും കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് ലംഘനങ്ങൾ വളരെ കുറവാണ്. പ്രധാനമായും തൊഴിലുടമകൾ നിയമത്തിന്റെ പ്രാധാന്യവും നേട്ടവും മനസിലാക്കിയതാണ് ലംഘനങ്ങൾ കുറയാൻ കാരണം. മറ്റൊരു പ്രധാന കാരണം പബ്ലിക് പ്രോസിക്യൂഷനിൽ തൊഴിലുടമകൾ നേരിടുന്ന പിഴയും അഗ്നിപരീക്ഷകളുമാണ്. നിരോധനം ലംഘിക്കുന്നവർക്ക് ബിഡി 500 മുതൽ ബിഡി 1,000 വരെയാണ് പിഴ ഈടാക്കുന്നത്. കഴിഞ്ഞ വർഷം മാത്രം നിരോധനം ലംഘിച്ച തൊഴിലുടമകളിൽ നിന്ന് ബി ഡി 10,000 ത്തിൽ കൂടുതൽ പിഴ മന്ത്രാലയം ഈടാക്കിയിട്ടുണ്ട്.