മനാമ: സിറാജ് പത്രത്തിെൻറ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീർ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്ന് ബഹ്റൈനിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ കേരള മീഡിയ ഫോറം ബഹ്റൈൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
സർവ്വെ ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് അമിത വേഗതയിൽ ഒാടിച്ച കാർ ഇടിച്ചാണ് മാധ്യമ പ്രവർത്തകൻ കൊല്ലപ്പെട്ടത് എന്ന സംഭവം നടുക്കമുണ്ടാക്കുന്നു. വളരെ ചെറുപ്പത്തിലെ പത്രപ്രവർത്തന മേഖലയിൽ മികച്ച സംഭാവനകൾ നൽകുകയും വിപുലമായ സൗഹൃദ വലയം ഉണ്ടാക്കുകയും ചെയ്ത വ്യക്തിയാണ് കെ.എം.ബി എന്ന കെ.എം.ബഷീർ. അദ്ദേഹത്തിെൻറ ജീവൻ നഷ്ടപ്പെട്ട സംഭവം കേരളത്തിെൻറ മാധ്യമ പ്രവർത്തന മേഖലക്ക് ഉണ്ടായ കനത്ത നഷ്ടം കൂടിയാണ്. സംഭവം അറിഞ്ഞെത്തിയ പോലീസ്, സർവ്വെ ഡയറക്ടറായ െഎ.എ.എസ് ഉദ്യോഗസ്ഥനെ രക്ഷിക്കാൻ നടത്തിയ ശ്രമം നാണക്കേടാണ്. ഇൗ സംഭവത്തിലെ ദുരൂഹതകൾ നീക്കാനും എത്രയും വേഗം പ്രതിയെ നിയമത്തിെൻറ മുന്നിൽ എത്തിക്കാനും ‘കേരള മീഡിയ ഫോറം ബഹ്റൈൻ’ കേരള മുഖ്യമന്ത്രിയോടും കേരള ഗവൺമെൻറിനോടും ആവശ്യപ്പെടുന്നു.
കേരളത്തിലെ ഉന്നത സർവീസ് മേഖലയിലുള്ള ശ്രീറാം വെങ്കിട്ടരാമനെപ്പോലുള്ള വ്യക്തികൾ ഇത്തരത്തിൽ പൊതുസമൂഹത്തിന് മുന്നിൽ കുറ്റവാളികളായി മാറുന്ന സംഭവം ലജ്ജാകരമാണെന്നും പ്രസ്താവനയിൽ കേരള മീഡിയ ഫോറം ബഹ്റൈൻ ചൂണ്ടിക്കാട്ടി.