മനാമ : ബഹ്റൈനിൽ മൂല്യവർധിത നികുതി നടപ്പിലാക്കാൻ ഒരു ദിനം മാത്രം ബാക്കി നിൽക്കെ, നിരവധി സ്ഥാപനങ്ങൾ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കി. ജനുവരി ഒന്ന് മുതൽ രാജ്യത്ത് വാറ്റ് പ്രാബല്യത്തിൽ വരുന്നതിൻ്റെ ഭാഗമായാണ് സ്ഥാപനങ്ങൾ ഇതിനായി മുന്നൊരുക്കങ്ങൾ സജീവമാക്കിയത്.
ജനുവരി ഒന്ന് മുതൽ മൂല്യവർധിത നുകുതി-വാറ്റ് രാജ്യത്ത് നടപ്പിൽ വരുന്നതിൻ്റെ ഭാഗമായി ആയിരത്തിലധികം കമ്പനികളുടെ രജിസ്ട്രേഷൻ നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്. രാജ്യത്തെ സൂപ്പർ മാർക്കറ്റുകളടക്കമുള്ള 668 സ്ഥാപനങ്ങൾ നടപടിക്രമങ്ങൾ ഇതിനകം പൂർത്തീകരിച്ചതായും ധനകാര്യ മന്ത്രാലയം അധിക്യതർ വ്യക്തമാക്കി. രജിസ്ട്രേഷൻ നടപടിക്രമങ്ങൾക്ക് സ്ഥാപനങ്ങളെ സഹായിക്കാനായി ആരംഭിച്ച മന്ത്രാലയത്തിൻ്റെ കാൾ സെൻ്റർ ഇതിനായി സജീവമായി പ്രവർത്തിക്കുന്നുണ്ട്. കോൾ സെൻ്റർ ഇതിനകം ആയിരത്തഞ്ഞൂറ് ടെലിഫോൺ അന്വേഷണങ്ങളൊടും അയ്യായിരത്തിലധികം ഇ-മെയിൽ സന്ദേശങ്ങളോടും പ്രതികരിച്ചതായി അധിക്യതർ അറിയിച്ചു. നവ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിച്ചും വാറ്റ് രജിസ്ട്രേഷൻ്റെ പ്രചരണം നടന്നിരുന്നു. സ്ഥാപനങ്ങൾ ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്ന് ഉറപ്പുവരുത്താൻ ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് സംഘം പ്രധാന സ്ഥാപനങ്ങളിൽ സന്ദർശനം നടത്തുകയും ചെയ്യുന്നുണ്ട്. വാറ്റ് നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള ബോധവത്കരണം നടത്താനും ഇത് സംബന്ധിച്ച സംശയങ്ങൾ ദുരീകരിക്കാനും വ്യവസായ വാണിജ്യ ടൂറിസം മന്ത്രാലയവുമായി സഹകരിച്ചാണ് വിപണി സന്ദർശനം ഏകോപിപ്പിക്കുന്നത്.