ഇന്ന് അറഫാ ദിനം: മാനവികതയുടെ, സഹിഷ്ണുതയുടെ, സ്നേഹത്തിന്റെ, സൗഹാർദത്തിന്റെ, നിശ്ചയദാർഡ്യത്തിന്റെ, പ്രായശ്ചിത്തത്തിന്റെ, സമർപണത്തിന്റെ ലോകസംഗമം

മുസ്ലിം ലോകത്തിന്റെ ലക്ഷക്കണക്കായ പ്രതിനിധികൾ ഒരേ മനസ്സോടെ ഒരേ വേഷത്തിൽ ഇന്ന് അറഫയിൽ സംഗമിക്കുകയാണ്. ഭൗതിക ലോകത്തിന്റെ കെട്ടുപാടുകളിൽ നിന്ന് മുക്തരായി, സൃഷ്ഠാവിന്റെ പ്രീതി മാത്രം കാംക്ഷിച്ച് കൊണ്ടു് അല്ലാഹു വിന്റെ വിളിക്കുത്തരം നൽകാനായി ലോകത്തിന്റെ നാനാഭാഗത്തുമുള്ള വിശ്വാസികൾ എല്ലാ വർഷവും അവിടെ സംഗമിക്കുമ്പോൾ അത് ലോകാത്ഭുതമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നു.

മാനവികതയുടെ, സഹിഷ്ണുതയുടെ, സ്നേഹത്തിന്റെ, സൗഹാർദത്തിന്റെ, നിശ്ചയദാർഡ്യത്തിന്റെ, പ്രായശ്ചിത്തത്തിന്റെ, സമർപണത്തിന്റെ ലോകസംഗമം. അവിടെ കറുത്തവനെന്നോ, വെളുത്തവനെന്നോ, അറബിയെന്നോ, അനറബിയെന്നോ, രാജാവെന്നോ, പ്രജയെന്നോ പുരുഷനെന്നോ, സ്ത്രീയെന്നോ, സുന്നിയെന്നോ, ശിയയെന്നോ, സമ്പന്നനെന്നോ, ദരിദ്രനെന്നോ വ്യത്യാസമില്ല. കഫൻ പുടവയെ അനുസ്മരിപ്പിക്കുന്ന വസ്ത്രം. ചുണ്ടുകളിൽ ഒരേ മന്ത്രം. ആടയാഭരണങ്ങൾ അനുവദനീയമല്ല. അക്ഷരാർത്ഥത്തിൽ ഒരു മിനി മഹ്ശറ. യഥാർത്ഥ മഹ്ശറയിൽ പ്രായശ്ചിത്തത്തിന് അവസരമില്ല. പരീക്ഷ അവസാനിച്ചതിന് ശേഷമുള്ള വിധി നിർണയ ദിനം. എന്നാൽ ഇവിടെ തന്റെ പാപങ്ങളും തെറ്റുകളും കുറ്റങ്ങളും ഏറ്റ് പറഞ്ഞു് പ്രായശ്ചിത്തം ചെയ്യാനുള്ള സുവർണാവസരമുണ്ട്..    ദൈവത്തിന് മുന്നിൽ എല്ലാവരും സമൻമാർ. ആ ബിന്ദുവിൽ കേന്ദ്രീകരിച്ച് തങ്ങളുടെ ആവലാതികളും പ്രശ്നങ്ങളും പാപങ്ങളും അല്ലാഹു വിന്റ മുന്നിൽ ഇറക്കി വെച്ച് മാപ്പപേക്ഷിക്കുമ്പോൾ അമ്മ പ്രസവിച്ച കുഞ്ഞിനെ പോലെ, ഊതിക്കാച്ചിയ പൊന്ന് പോലെ അവർ പരിശുദ്ധരായി തീരുന്നു.

അറഫയിൽ തന്നെ സ്മരിച്ച് തന്നോട് കേണും കരഞ്ഞും അപേക്ഷിക്കുന്ന തന്റെ സൃഷ്ടികളെ കാണുമ്പോൾ അല്ലാഹു അഭിമാനം കൊള്ളുമെന്നും അവരുടെ ഏതാവശ്യവും നിറവേറ്റാൻ സന്നദ്ധനാകുമെന്നും പ്രവാചകൻ പഠിപ്പിക്കുന്നു. പക്ഷെ ഹജ്ജിന് ശേഷമുള്ള അവരുടെ ജീവിതം കൂടി നോക്കിയാണ് ഹജ്ജിന്റെ പ്രതിഫലമെന്നും മുസ്ലിം പഠിപ്പിക്കപ്പെട്ടിരിക്കുന്നു. “അറഫ”യെന്നാൽ അറിഞ്ഞു എന്നാണർത്ഥം. ആദി പിതാവായ ആദവും ഹവ്വയും ഭൂമിയിൽ വെച്ച് കണ്ടു മുട്ടിയ സ്ഥലമാണെന്നും, തന്റെ സൃഷ്ഠാവിനെ സൃഷ്ടികൾ യഥാർത്ഥത്തിൽ തിരിച്ചറിഞ്ഞ സ്ഥലമാണെന്നും, മനുഷ്യൻ തന്നെ തന്നെ സ്വയംതിരിച്ചറിയുന്ന സ്ഥലമെന്നും  പല വീക്ഷണങ്ങൾ ഇതിന് പിന്നിലുണ്ടു്.

ഹജ്ജ് എന്നാൽ “അറഫ” യാന്നെന്നാണ് നബി (സ) അരുളിചെയ്തത്. “അറഫ”യിൽ ഹാജരാകാത്തവർക്ക് ഹജ്ജ്‌ ഇല്ല. മനുഷ്യകുലത്തിന്റെ നേതാവായ ഇബ്രാഹിം നബി(അ)യുടെയും ഹാജറ ബീവിയുടെയും ഇസ്മായിൽ നബി (അ)യുടെയും ത്യാഗ സമ്പൂർണമായ ജീവിതം സ്മരിക്കാതെ ഒരു വിശ്വാസിക്ക് ഹജ്ജ് പൂർത്തികരിക്കാൻ കഴിയില്ല. ദൈവത്തിന്റെ തീഷ്ണമായ പരീക്ഷണങ്ങൾ വിജയകരമായി നേരിടുന്നതിൽ, ഇബ്രാഹി (അ) മും ഹാജറയും ഇസ്മായീ (അ) ലും കാണിച്ച വിശ്വാസദാർഢ്യമാണ് ഹജ്ജിന്റെ കർമങ്ങളിൽ സ്മരിക്കപ്പെടുന്നതും പിന്തുടരപ്പെടുന്നതും. ലോകത്തിലെ ആദ്യ ദേവാലയമായ കഅബ പുനർനിർമിച്ചത് പ്രവാചകൻ ഇബ്രാഹി (അ) മും മകൻ ഇസ്മാഈ(അ) ലും കൂടിയാണ്. അദ്ദേഹത്തിന്റെ പ്രാർത്ഥനയുടെ ഫലമാണ്, ലോകത്തിന്റെ നെറുകയിൽ തലയുയർത്തി നിൽക്കുന്ന ആ പരിശുദ്ധ ഗേഹം.

മകന്റെ ദാഹം ശമിപ്പിക്കാൻ, കറുത്ത വർഗക്കാരിയായ ഹാജറ സഫാ മർവാ കുന്നുകൾക്കിടയിൽ പാഞ്ഞ് നടന്ന സംഭവം അനുസ്മരിപ്പിക്കുന്നതാണ്, ഹജ്ജിന്റെ ഒരു  കർമമായ സഫാ മർവാ കുന്നുകൾക്കിടയിലെ ഓട്ടം. സ്വന്തം മകനെ ബലിയറുക്കാൻ ദൈവത്തിന്റെ കൽപന വന്നപ്പോൾ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ  ശ്രമിച്ച പിശാചിനെ കല്ലെറിഞ്ഞോടിച്ച സംഭവം അനുസ്മരിച്ച് ഹാജിമാർ തങ്ങളുടെ ദേഹേച്ഛകളാകുന്ന പിശാചിനെ ജംറയിൽ കല്ലെറിയുന്നു.   മകന് പകരം ബലിയറുക്കാൻ ജിബ്രീൽ മാലാഖ ആടിനെ നൽകി. ഈ സംഭവം സ്മരിച്ചും നാഥന്റെ കൽപന അനുസരിച്ചും വിശ്വാസികൾ ബലിയറുക്കുന്നു. ബലിമൃഗത്തിന്റെ മാംസവും രക്തവും ദൈവത്തിനാവശ്യമില്ല. തന്റെ അടിമയുടെ ഹൃദയം അറിയുകയാണ് അല്ലാഹു ഇതിലുടെ ഉദ്ദേശിക്കുന്നത്.

പ്രവാചകൻ മുഹമ്മദ് (സ) തന്റെ പ്രസിദ്ധമായ വിടവാങ്ങൽ പ്രസംഗം നടത്തിയതു് അറഫയിലാണ്. ലക്ഷത്തോളം വരുന്ന അനുയായികളെ സാക്ഷിയാക്കി തന്റെ ദൌത്യം പൂർത്തികരിച്ച് കൊണ്ട് നടത്തിയ ആ പ്രസംഗം ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ചുരുങ്ങിയ വാക്കുകളിൽ ആ പ്രസംഗത്തിന്റെ രത്ന ചുരുക്കം ഇങ്ങിനെ വായിക്കാം. യഥാർത്ഥത്തിൽ ഇതാണ് “അറഫ”യുടെ സന്ദേശം.

“ജനങ്ങളെ ശ്രദ്ധിക്കുക, ഈ വർഷത്തിന് ശേഷം നിങ്ങളോടൊപ്പം മറ്റൊരിക്കൽ കൂടി ഒത്ത് ചേരും എന്ന് എനിക്ക് തീർച്ചയില്ല. അതിനാൽ ഞാൻ പറയുന്നത് കരുതലോടെ കേൾക്കുക. എന്റെ വാക്കുകൾ ഇന്നിവിടെ ഹാജരില്ലാത്തവർക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യുക.
ജനങ്ങളെ, പരിശുദ്ധമെന്ന് നിങ്ങൾ കണക്കാക്കുന്ന ഈ മാസത്തെ പോലെ, ഈ പവിത്രമായ അറഫ ദിനത്തെ പോലെ, ഈ വിശുദ്ധ നഗരമായ ഹറമിനെ പോലെ തന്നെ ഓരോ മനുഷ്യന്റെയും ജീവനും സമ്പത്തും അഭിമാനവും പവിത്രമായി നിങ്ങൾ കണക്കാക്കുക. നിങ്ങളിൽ വിശ്വസിച്ചേൽപിക്കപ്പെട്ട വസ്തുക്കൾ അവയുടെ യഥാർത്ഥ ഉടമകൾക്ക് തിരിച്ചേൽപിക്കുക.

നിങ്ങൾ ആരെയും ദ്രോഹിക്കാതിരിക്കുക. അത് മൂലം നിങ്ങളെയും ആരും ദ്രോഹിക്കാതിരിക്കട്ടെ. ഓർമിക്കുക. നിശ്ചയം നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുക തന്നെ ചെയ്യും . അവൻ നിങ്ങൾ പ്രവർത്തിച്ചതിനെ പറ്റി തീർച്ചയായും ചോദ്യം ചെയ്യുന്നതാണ്.
അല്ലാഹു നിങ്ങൾക്ക് പലിശ നിഷിദ്ധമാക്കിയിരിക്കുന്നു. അതിനാൽ പലിശ സംബന്ധിച്ച എല്ലാ ബാദ്ധ്യതകളും ഇന്ന് മുതൽ ദുർബലമാക്കപ്പെട്ടിരിക്കുന്നു. നിങ്ങളുടെ മതത്തെ സംരക്ഷിക്കാനായി നിങ്ങൾ പിശാചിനെ കരുതിയിരിക്കുക. കാരണം ഇനിയും (ഹജ്ജിന് ശേഷവും) നിങ്ങളെ വലിയ പാപങ്ങളിലൂടെ വഴിതെറ്റിക്കാൻ കഴിയുമെന്ന് പിശാചിന് പ്രതീക്ഷയില്ല.അതിനാൽ ചെറിയ കാര്യങ്ങളിൽ അവനെ പിൻപറ്റുന്നതു് നിങ്ങൾ ഭയപ്പെടുക .
ജനങ്ങളെ, നിങ്ങൾക്ക് നിങ്ങളുടെ സ്ത്രീകളിൽ ചില നിശ്ചിത അവകാശങ്ങൾ ഉണ്ടെന്നത് ശരി തന്നെ.അതേ പോലെ അവർക്കു നിങ്ങളുടെ മേലും അവകാശങ്ങൾ ഉണ്ടു്. അവർ നിങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിനോടൊപ്പം മാന്യവും ഔദാര്യ പൂർവവുമായ വസ്ത്രത്തിനും ഭക്ഷണത്തിനും അവർക്കവകാശമുണ്ടു്. നിങ്ങളുടെ സ്ത്രീകളോട് ഉത്തമമായും കരുണാപൂർവവും വർത്തിക്കുക. എന്റെ സമുദായത്തിൽ ഏറ്റവും ഉത്തമൻ സ്ത്രീകളോട് നന്നായി പെരുമാറുന്നവനാണ്. അവർ നിങ്ങളുടെ പങ്കാളികളും നിങ്ങളെ സഹായിക്കാൻ ബാദ്ധ്യതപ്പെട്ടവരുമാണ് .നിങ്ങൾ അംഗീകരിക്കാത്ത ആരുമായും അവർ മൈത്രി പുലർത്തരുതെന്നത് നിങ്ങളുടെ അവകാശമാണ്. നിങ്ങൾ വ്യഭിചാരത്തോട് അടുക്കുകയും ചെയ്യരുത്.

ജനങ്ങളെ ശ്രദ്ധിക്കുക, അല്ലാഹു വിന് കീഴ് വഴങ്ങി ജീവിക്കുക. നിത്യവും അഞ്ചു് നേരം സൃഷ്ഠാവിനെ വണങ്ങുക. റമദാൻ മാസത്തിൽ വൃതമനുഷ്ഠിക്കുക . നിങ്ങളുടെ സമ്പത്തിൽ നിന്ന് നിശ്ചയിച്ച പ്രകാരം അർഹരായവർക്ക് സക്കാത്ത് നൽകുക. സാദ്ധ്യമാകുന്നവർ ഹജ്ജ് നിർവഹിക്കുക. അറിയുക, ഒരു വിശ്വാസി മറ്റൊരു വിശ്വാസിയുടെ സഹോദരനാണ്. നിങ്ങളെല്ലാം സമൻമാരാണ്. ആരും ആരെക്കാളും മേലെയല്ല. കറുത്തവന് വെളുത്തവനെക്കാളോ, അറബിക്ക് അനറബിയെക്കാളോ യാതൊരു ശ്രേഷ്ഠതയുമില്ല, ദൈവഭക്തിയുടെയും സൽകർമങ്ങളുടെയും അടിസ്ഥാനത്തിലല്ലാതെ .ഓർമിക്കുക. ഒരിക്കൽ നിങ്ങൾ അല്ലാഹു വിന്റെ മുന്നിൽ ഹാജരാക്കപ്പെടുകയും, നിങ്ങളുടെ കർമങ്ങൾക്ക് ന്യായം ബോധിപ്പിക്കുകയും ചെയ്യേണ്ടതുണ്ടു്. അതിനാൽ കരുതിയിരിക്കുക. ഞാൻ വിട്ട് പിരിഞ്ഞാലും നിങ്ങൾ നന്മയുടെ മാർഗം കൈവെടിയരുതു്. ജനങ്ങളെ, എനിക്ക് ശേഷം പുതിയ ഒരു പ്രവാചകനോ, ദൈവദൂതനോ വരാനില്ല.പുതിയ ഒരാദർശം ജന്മമെടുക്കാനുമില്ല.അതിനാൽ നന്നായി ചിന്തിക്കുകയും ഞാൻ നിങ്ങൾക്ക് നൽകിയ സന്ദേശം വേണ്ട പോലെ ഗ്രഹിക്കുകയും ചെയ്യുക. നിങ്ങൾക്കായി രണ്ടു കാര്യങ്ങൾ ഞാനിതാ വിട്ടേച്ച് പോകുന്നു. പരിശുദ്ധ ഖുർആനും എന്റെ ജീവിതചര്യയും. ഇവ രണ്ടും നിങ്ങൾ പിന്തുടരുന്ന പക്ഷം നിങ്ങളൊരിക്കലും വഴി തെറ്റുകയില്ല.  എന്റെ വാക്കുകൾ കേൾക്കുന്നവർ അവ മറ്റുള്ളവർക്കും, അവർ മറ്റുള്ളവർക്കും പകർന്ന് കൊടുക്കുക. എന്റെ വാക്കുകൾ പിന്നീട് മനസ്സിലാക്കി, എന്നെ പിൻ തുടരുന്നവർ ഒരു പക്ഷെ നേരിട്ട് കേട്ട നിങ്ങളെക്കാൾ ഉത്തമരായേക്കാം. അല്ലാഹുവെ ഞാനിതാ നിന്റെ സന്ദേശം നിന്റെ ജനതക്ക് എത്തിച്ചിരിക്കുന്നു. നാഥാ നീ തന്നെ സാക്ഷി”.