അഞ്ചു മാസം നീണ്ട യു.എ.ഇ പൊതുമാപ്പ് തിങ്കളാഴ്ച അവസാനിക്കും. അനധികൃത താമസക്കാരായ വിദേശികൾക്ക് തടവോ പിഴയോ കൂടാതെ രാജ്യം വിടാനോ താമസം നിയമവിധേയമാക്കാനോ അനുവദിച്ച പൊതുമാപ്പ് പതിനായിരങ്ങൾക്ക് തുണയായി. എന്നാൽ ഇവരിൽ മലയാളികൾ താരതമ്യേന കുറവാണ്.
ഉത്തരേന്ത്യയിൽ നിന്നുള്ള ആയിരങ്ങൾക്ക് പൊതുമാപ്പ് തുണയായെന്ന്
ഇന്ത്യൻ എംബസി വൃത്തങ്ങൾ അറിയിച്ചു. രേഖകൾ ശരിയാക്കി താമസം നിയമവിധേയമാക്കാൻ സാധിച്ചവർ നിരവധിയാണ്. അര ലക്ഷത്തിലേറെ പേർ പൊതുമാപ്പ് പ്രയോജനെപ്പടുത്തി നാട്ടിലേക്ക് മടങ്ങിയെന്നാണ്
വിവരം. നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധനയുണ്ടാകുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് അറിയിച്ചു. നിയമലംഘകർക്ക് ജോലിയോ അഭയമോ നൽകുന്നവർക്ക് അര ലക്ഷം ദിർഹം വീതം പിഴ ഈടാക്കും.
ഓഗസ്റ്റ് ഒന്നു മുതൽ ഒക്ടോബർ 31 വരെയായിരുന്നു തുടക്കത്തിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്. ആയിരങ്ങൾക്ക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ വന്നതോടെ വിവിധ എംബസികളുടെ ആവശ്യം പരിഗണിച്ചാണ് രണ്ടു തവണ ഓരോ മാസം വീതം പൊതുമാപ്പ്
നീട്ടിയത്.