ബഹ്റൈനിൽ മാർബിൾ ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ മലയാളി മരിച്ചു

മനാമ: ബഹ്​റൈനിൽ മാർബിൾ ഇറക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ ഒരു മലയാളി മരിക്കുകയും നാലു മലയാളികൾക്ക്​ പരിക്കേൽക്കുകയും ചെയ്തു. ആലിബൂരിയിലായിരുന്നു സംഭവം. തിരുവനന്തപുരം നെയ്യാറ്റിൻകര മാരായമുട്ടം കല്ലിടാന്തി സി.എസ്​.ഭവനിൽ നിഷാന്ത്​ ദാസ്​ (27) ആണ്​ മരിച്ചത്​. നിഷാന്ത് ആറ് വർഷമായി ബഹ്റൈൻ പ്രവാസിയാണ്. ഒമാനിൽ നിന്നും കൊണ്ടുവന്ന മാർബിൾ സ്വകാര്യകമ്പനിയിൽ ഇറക്കുന്നതിനിടെയാണ് മാർബിൾപാളി പൊട്ടി വീണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരിൽ രണ്ടുപേരെ ബി.ഡി.എഫ്​ ആശുപത്രിയിലും രണ്ടുപേരെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയക്കുകയും ചെയ്​തു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.