മനാമ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ബഹ്റൈനില്‍ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച സ്വാതന്ത്രദിന സംഗമം ത്രിവർണ്ണാലങ്കാരങ്ങൾ കൊണ്ടും വിഷയ വിഭവങ്ങൾ കൊണ്ടും ശ്രദ്ധേയമായി. സ്വാതന്ത്രദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് കേന്ദ്ര കമ്മറ്റി ഇന്ത്യക്കകത്തും പുറത്തുമായി സംഘടിപ്പിച്ച ഫ്രീഡം സ്ക്വയർ പരിപാടികൾക്ക് ഐക്യദാർഢ്യമായാണ് ബഹ്റൈനില്‍ INCLUSIVE INDIA എന്ന പേരില്‍ സ്വാതന്ത്ര്യ ദിന സംഗമം സംഘടിപ്പിച്ചത്.
മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ബഹ്റൈൻ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വരാജ്യ സ്നേഹം മുസ് ലിമിന് വിശ്വാസത്തിന്‍റെ ഭാഗമാണ്. ഏതൊരാളും ജനിച്ചു വളർന്ന മണ്ണിന് പവിത്രതയുണ്ടെന്ന് തിരുവചനം പഠിപ്പിക്കുന്നുണ്ട്. അത് ഉള്‍ക്കൊണ്ടവരാണ് ഇന്ത്യന്‍ മുസ്ലിംകളുമെന്നതിനാല്‍ സ്വരാജ്യ സ്നേഹം മുസ് ലിമിന്‍റെ രക്തത്തിൽ അലിഞ്ഞുചേർന്നതാണെന്നും തങ്ങള്‍ ഹദീസ് വചനങ്ങള്‍ ഉദ്ധരിച്ച് ഉദ്ബോധിപ്പിച്ചു.
സ്വന്തം രാജ്യത്തിനു വേണ്ടി മരിക്കുന്നത് മനോഹരമാണെങ്കിലും അതിനേക്കാള്‍ മനോഹരം രാജ്യത്തിനു വേണ്ടി ജീവിക്കുന്നതാണെന്നാണ് ഇസ്ലാമിന്‍റെ കാഴ്ചപ്പാടെന്നും തങ്ങള്‍ വിശദീകരിച്ചു.
പൂർവ്വ കാല മുസ്‌ലിംകൾ നിർമിച്ച ചെങ്കോട്ടയും ഖുതുബ് മിനാറും ഇന്ത്യയുടെ പൈതൃകത്തിൽ മുസ്‌ലിം സാന്നിധ്യം വിളിച്ചോതുന്നവയാണ്. അതു കൊണ്ടെല്ലാം തന്നെ യൂറോപ്യൻ മുസ്‌ലിം, അറബ് മുസ്‌ലിം എന്ന പോലെ ഇന്ത്യൻ മുസ്‌ലിം എന്നതിൽ നാം അഭിമാനിക്കണമെന്നും രാഷ്ട്ര നിർമ്മിതിയിൽ എല്ലാ മതവിഭാഗങ്ങൾക്കും തുല്യമായ പങ്കാണുള്ളതെന്നും തങ്ങള്‍ വ്യക്തമാക്കി. എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ട്രഷറർ സജീർ പന്തക്കൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാഷ്ട്രത്തിന്റെ പുരോഗതിയിൽ പൂർവ്വികർ കാണിച്ച വഴിയിൽ ഞങ്ങളുമുണ്ടാവുമെന്നും രാജ്യത്തിന്റെ വിധ്വംസക ശക്തികളെ എതിർത്ത് തോല്പിക്കുമെന്നും പ്രവർത്തകർ കൈകൾ മുന്നോട്ടു നിവർത്തി പ്രതിജ്ഞ പുതുക്കി.
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ പ്രസിഡന്റ് റബീഅ് ഫൈസി അമ്പലക്കടവ് സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി. ബഹുസ്വരതയാണ് ഇന്ത്യയുടെ സൗന്ദര്യം. ആദ്യ മനുഷ്യൻ ആദം നബി (അ ) മിനോളം ഇന്ത്യയുടെ ചരിത്രത്തിന് പഴക്കമുണ്ട്. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം മുതൽ രാജ്യത്തിന്റെ ഓരോ കാൽ വെപ്പിലും മുസ്ലിം സാന്നിധ്യം നമുക്കു കാണാം, മുഗള്‍ രാജാവ് ബഹദൂർഷാ സഫർ മുതൽ മൗലാന മുഹമ്മദലിയും കുഞ്ഞാലി മരക്കാർ മാരും, ഉള്‍പ്പെടെയുള്ള പൂർവ്വികർ രാജ്യത്തിനു നൽകിയ സംഭാവനകൾ ചെറുതല്ല. ഖാളി മുഹമ്മദ് തന്റെ ഫത്ഹുൽ മുബീൻ സമർപ്പിച്ചത് സാമൂതിരി രാജാവിനായിരുന്നു.-അദ്ധേഹം പറഞ്ഞു. മമ്പുറം തങ്ങളും കോന്തു നായരും, ടിപ്പു സുൽത്വാനും പൂർണ്ണയ്യയും കാഴ്ചവെച്ച സാഹോദര്യ ബന്ധത്തിന് പോറൽ ഏല്ക്കരുതെന്നും അത് നാം കാത്തുസൂക്ഷിക്കണമെന്നും രാഷ്ട്ര ശില്പികൾ സ്വപ്നം കണ്ട ഇന്ത്യക്കായ് നാം കൈകൾ കോർക്കണമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സമസ്ത ബഹ്റൈൻ കോഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റൈൻ ആക്ടിംഗ് സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, കെ എൻ എസ് മൗലവി തിരുവമ്പാടി റെയ്ഞ്ച് പ്രസിഡന്റ് ഹംസ അൻവരി മോളൂർ എന്നിവര്‍ ആശംസകളർപ്പിച്ച് സംസാരിച്ചു. മുഹമ്മദ് ജസീര്‍ വാരം ഖിറാഅത്ത് നടത്തി. അബ്ദുല്‍ മജീദ് ചോലക്കോട് സ്വാഗതവും യഹ് യ പട്ടാമ്പി നന്ദിയും പറഞ്ഞു.