മനാമ: കെ.എം.സി.സി ബഹ്റൈനിന്റെ മുൻ പ്രസിഡന്റും ആയഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗിന്റെ ഉപാധ്യക്ഷനും നാലു പതിറ്റാണ്ടിലേറെ ബഹ്‌റൈൻ പ്രവാസിയും മത-സാമൂഹിക സാംസ്‌കാരിക, രാഷ്ട്രീയ, കലാ വേദികളിലെ നിറ സാന്നിധ്യവുമായിരുന്ന പി. പി. എം.കുനിങ്ങാടിന്റെ വിയോഗത്തിൽ കെ.എം.സി.സി. ബഹ്‌റൈൻ അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.
മനാമ കെ.എം.സി.സി. ആസ്ഥാനത്തു വെച്ച് നടന്ന അനുസ്മരണ സദസ്സിൽ കെ.എം.സി.സി. ആക്ടിങ് പ്രസിഡന്റ് ടി. പി. മുഹമ്മദലി അധ്യക്ഷനായിരുന്നു. സൗമ്യമായ പെരുമാറ്റം കൊണ്ടും, പുഞ്ചിരി കൊണ്ടും ഏവരെയും ആകർഷിച്ചിരുന്ന താൻ ബന്ധപ്പെട്ട എല്ലാവരുമായി നല്ലൊരു സൗഹൃദ ബന്ധം കാത്തു സൂക്ഷിച്ചിരുന്ന കുനിങ്ങാടിന്റെ നിര്യാണം നല്ലൊരു സംഘാടകനെയും മനുഷ്യ സ്നേഹിയെയും ജീവ കാരുണ്യ പ്രവർത്തകനെയുമാണ് നഷ്ടപ്പെട്ടതെന്ന് പ്രാസംഗികർ അനുസ്മരിച്ചു. സയ്യിദ് ഫക്രുദീൻ തങ്ങൾ (സമസ്ത പ്രസിഡന്റ്), എസ്. വി. ജലീൽ (കെ. എം. സി. സി. പ്രസിഡന്റ്), ബിനു കുന്നന്താനം (ഒ. ഐ. സി. സി. ദേശീയ പ്രസിഡന്റ്), ജലീൽ (ഗൾഫ് മാധ്യമം), സുരേഷ് വടകര (വടകര സഹൃദയ വേദി), മുഹമ്മദ് സെലക്റ്റ് (വടക്കാഞ്ചേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്), നജീബ് കടലായി, എസ്. എം. അബ്ദുൽ വാഹിദ്, സി. കെ. അബ്ദുൽ റഹിമാൻ, കുട്ടുസ മുണ്ടേരി, ഷംസു കൊച്ചിൻ, ജവാദ് വക്കം എന്നിവർ കുനിങ്ങാടിനെ അനുസ്മരിച്ചു സംസാരിച്ചു. പി. വി. സിദ്ധീക്ക് അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ. പി. മുസ്തഫ സ്വാഗതവും ഗഫൂർ കൈപ്പമംഗലം നന്ദിയും പറഞ്ഞു.