ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ അറസ്റ്റിലായതായി റിപ്പോർട്ട്. ചെക്ക് കേസില്‍ ചൊവ്വാഴ്ചയാണ് അറസ്റ്റിലായതെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. ഒരു മലയാളി കൊടുത്ത പരാതിയിൽ നേരത്തേ തന്നെ തുഷാറിന്റെ പേരിലുള്ള കേസാണിതെന്നാണ് സൂചന. തുഷാറിനെ അജ്മാന്‍ സെൻട്രൽ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ബിസിനസ് പങ്കാളിക്കു നൽകിയ ഒരു കോടി ദിർഹത്തിന്റെ(19 കോടിയിലേറെ രൂപ) ചെക്ക് മടങ്ങിയ കേസിലാണ് അറസ്റ്റ്. ഇതേക്കുറിച്ച് അജ്മാൻ പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ വയനാട്ടിൽ എൻഡിഎ സ്ഥാനാർഥിയായിരുന്നു തുഷാർ. 78,816 വോട്ടു ലഭിച്ച തുഷാറിന് കെട്ടിവച്ച കാശും നഷ്ടപ്പെട്ടിരുന്നു.