മനാമ: അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ ഘടന ഇരട്ടിയായി വർദ്ധിപ്പിക്കാനാണ് സർക്കാർ ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് ട്രില്യൺ ഡോളർ മൂല്യമുള്ള സമ്പദ്‍വ്യവസ്ഥയാണു ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ദ്വിദിന സന്ദർശനാർഥം ബഹ്‍റൈനിൽ എത്തിയ പ്രധാനമന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെയായിരുന്നു ഇത് പറഞ്ഞത്. അന്തരിച്ച മുൻ കേന്ദ്ര മന്ത്രിയും ആത്മസുഹൃത്തുമായ അരുൺ ജെയ്റ്റ്ലിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടായിരുന്നു സംസാരം ആരംഭിച്ചത്.
പ്രവാസികളായ നിങ്ങൾക്ക് നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെട്ടാൽ ഇന്ത്യയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന, അനുഭവിക്കുന്ന മാറ്റങ്ങളെ കുറിച്ച് കേൾക്കാമെന്നും, ഇന്ത്യയുടെ രീതികളിലെ മാറ്റം നിങ്ങൾക്ക് കാണാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ആത്മവിശ്വാസം വർധിച്ചത് നിങ്ങൾ കാണുന്നില്ലേയെന്ന് സദസിനോട് ചോദിക്കുകയും ചെയ്തു.
“ലോകമാകെ ഇപ്പോൾ ഇന്ത്യയുടെ ബഹിരാകാശമടക്കമുള്ള വികസന കുതിപ്പുകളെ കുറിച്ചാണ് ചർച്ച ചെയ്യുന്നത്. സെപ്റ്റംബർ ഏഴോടെ ഇന്ത്യ വിക്ഷേപിച്ച ചാന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങും. ചെറിയ മുതൽ മുടക്കിൽ ഇത്ര വലിയ നേട്ടങ്ങൾ എങ്ങനെയാണ് ഇന്ത്യ സ്വന്തമാക്കുന്നതെന്ന കാര്യത്തിൽ ലോകം അത്ഭുതപ്പെടുകയാണ്.” പ്രധാനമന്ത്രി തുടർന്നു.
ആദ്യമായി ബഹ്റൈൻ സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി എന്ന ബഹുമതി തനിക്ക് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും ഞായറാഴ്ച തുടക്കം കുറിക്കാനിരിക്കുന്ന ബഹ്റൈനിലെ ശ്രീ കൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളിൽ പങ്കു വഹിക്കാനാവുന്നതിൽ താൻ ഭാഗ്യവാനാണെന്നും ഇന്ത്യൻ സമൂഹത്തിനു ജന്മാഷ്ടമി ആശംസകൾ നേർന്നു കൊണ്ട് നരേന്ദ്ര മോദി പറഞ്ഞു.
യു എ ഇ സന്ദർശനത്തിന് ശേഷം ഉച്ചയോടെയാണ് അദ്ദേഹം ബഹ്റൈനിൽ എത്തിയത്. ബഹ്റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലിഫ ബിൻ സൽമാൻ അൽ ഖലീഫ ഊഷ്മളമായ വരവേൽപായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിക്ക് നൽകിയത്. ശേഷം ഗുദൈബിയ പാലസിൽ വച്ച് ഇരുവരും കൂടിക്കാഴ്ച്ച നടത്തുകയുമുണ്ടായി.
യു എ ഇ സർക്കാരിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് പുരസ്‌കാരം അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ അബുദാബിയിലെ പ്രസിഡൻഷ്യൽ പാലസിൽ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിൽ പങ്കുവഹിച്ചതിനാണ് ബഹുമതി. യു എ ഇ യുടെ പരമോന്നത സിവിലിയൻ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാന മന്ത്രിയാണ് നരേന്ദ്രമോദി. പുരസ്‌കാരം എല്ലാ ഇന്ത്യക്കാർക്കും സമർപ്പിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
https://www.facebook.com/BahrainVaartha/videos/2280490425597030/
കൂടാതെ ഈ ചടങ്ങിൽ മഹാത്മാഗാന്ധിയുടെ 150-അം ജന്മവാര്ഷികത്തോടനുബന്ധിച്ചു ഗാന്ധി സ്മാരക സ്റ്റാമ്പും പുറത്തിറക്കിയിരുന്നു.