നരേന്ദ്ര മോദിയുടെ ബഹ്‌റൈൻ സന്ദർശനം; 250 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ തീരുമാനമാനം

മനാമ: ബഹ്‌റൈൻ രാജാവുമായി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ചയിൽ ബഹ്‌റൈൻ ജയിലുകളിൽ കഴിയുന്ന 250 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ തീരുമാനമായതായി റിപ്പോർട്ടുകൾ. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. മലയാളികളടക്കം വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തടവുകാരെയാവും മോചിപ്പിക്കുന്നത്.

ഇതു സംബന്ധിച്ച് ബഹ്റൈൻ മന്ത്രാലയത്തിന്റെ ഔദ്യോകിക പ്രഖ്യാപനങ്ങളൊന്നും തന്നെ പുറത്തുവന്നിട്ടില്ല.

ഇതോടൊപ്പം ബഹിരാകാശ സാങ്കേതികവിദ്യ, സൗരോർജം, സാംസ്കാരിക വിനിമയം എന്നീ മേഖലകളിൽ സഹകരിക്കാൻ ഇന്ത്യയും ബഹ്‌റൈനും ധാരണാപത്രം ഒപ്പിട്ടു. നരേന്ദ്രമോദിയും മുൻ ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാൻസ്വ ഒലോൻദും രൂപം കൊടുത്ത രാജ്യാന്തര സോളർ അലയൻസ് പദ്ധതിയുമായി ബഹ്റിന്‍ സഹകരിക്കും. ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നത് സംബന്ധിച്ച് ബഹ്‌റൈൻ പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരനുമായി മോദി ചർച്ച നടത്തി.