മനാമ: കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തം അരങ്ങേറിയ നിലമ്പൂരിലേക്ക് സഹായത്തിന്റെ മാനുഷിക മുഖവുമായി ബഹ്റൈനിൽ നിന്ന് വെളിച്ചം വെളിയങ്കോട് പ്രവാസി കൂട്ടായ്മയും. വെളിച്ചം ബഹ്‌റൈൻ മുഖ്യ രക്ഷാധികാരി ബഷീർ അമ്പലായിയുടെ നേതൃത്വത്തിൽ പുറപ്പെട്ട പ്രത്യേക ടീമിൽ കോഡിനേറ്ററും മുൻ ജനറൽ സെക്രട്ടറിയുമായ നസീർ PPA, മറ്റു അംഗങ്ങളായ ഫൈസൽMM, സലിം അമ്പലായി തുടങ്ങിയവരും ഉണ്ടായിരുന്നു.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച മറ്റു കൂട്ടായ്മകളിൽ നിന്ന് വ്യത്യസ്തമായി വെളിച്ചം ബഹ്‌റൈൻ ടീം പ്രളയ ദുരിതത്തിൽ കഴിയുന്നവരെ നേരിട്ട് ചെന്ന് കാണുകയും അർഹരായവരെ പ്രാദേശിക വ്യക്തികളായ ഉലുവൻനൗഷാദ്, ശിഹാബ് എന്നീ മുൻ ബഹ്‌റൈൻ പ്രവാസികൾ ആയവരുടെ സഹായത്തോടെ കണ്ടെത്തുകയും വെളിച്ചത്തിന്റെ സഹായം ക്യാഷായി തന്നെ ഓരോരുത്തർക്കും കൈമാറുകയും ചെയ്യുകയായിരുന്നു. വാർത്തകളിലൂടെ കാണുകയും അറിയുകയും ചെയ്തതിലേറെയാണ് പ്രളയബാധിത മേഖലയിൽ സംഭവിച്ചത് എന്നും ഏതൊരു മനഃസാക്ഷിയെയും മുറിവേൽപ്പിക്കുന്ന സങ്കടകരമായ കാഴചയാണ് എങ്ങും കാണാൻ കഴിഞ്ഞത് എന്നും സംഭവസ്ഥലം സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ വെളിച്ചം ബഹ്‌റൈൻ ടീം ബഹ്റൈൻ വാർത്തയോട് പറഞ്ഞു.
ഈ ഉദ്യമത്തിൽ വെളിച്ചം ബഹ്‌റൈന്റെ കൂടെ നിന്ന എല്ലാ സഹപ്രവർത്തകർക്കും നല്ലവരായ വെളിച്ചത്തിന്റെ അഭ്യുതയകാംഷികൾക്കും പ്രളയബാധിതമേഖലയിൽ നേരിട്ടുചെന്നു വിതരണം ചെയ്ത വെളിച്ചം വെളിയംകോട് ടീമിനും ഹൃദയംഗമായ നന്ദിയും കടപ്പാടും വെളിച്ചം ബഹ്‌റൈൻ രേഖപ്പെടുത്തി. ചന്തക്കുന്നു ഭാഗം, വളവ് മുജാഹിദ് പള്ളി ഭാഗം, പാടിക്കുന്നു ഗിരിജൻ കോളനി ഭാഗം എന്നിവിടങ്ങളിലാണ് വെളിച്ചം ബഹ്‌റൈൻ സഹായ വിതരണം ചെയ്തത്.
								
															
															
															
															
															








