വ്യോമയാന വിഷയങ്ങൾ – മുഖ്യമന്ത്രി യോഗം വിളിച്ചതിനെ യാത്ര സമിതി സ്വാഗതം ചെയ്തു

മനാമ: ഉയർന്ന യാത്രാ നിരക്ക്‌ ഉൾപ്പെടെയുള്ള പ്രവാസിമലയാളികളുടെ വ്യോമയാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വിമാന കമ്പനി മേധാവികളുടെ യോഗം വിളിച്ചു ചേർക്കുവാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ യാത്ര അവകാശ സംരക്ഷണ സമിതി സ്വാഗതം ചെയ്തു. കേന്ദ്ര വ്യോമയാന സെക്രട്ടറി അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നു എന്നത്‌ ഏറെ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം കാണുന്നത് എന്ന് യാത്ര സമിതി അഭിപ്രായപ്പെട്ടു.

അനിയന്ത്രിത അന്യായ നിരക്ക് വർദ്ധനവ് ഉണ്ടാകാതിരിക്കുവാൻ പ്രസ്തുത യോഗത്തിൽ ഒരു കമ്മിറ്റിക്ക് രൂപം നൽകണമെന്നും കേരള സർക്കാറിന് ഈ കമ്മിറ്റി മുഖേനെ സീസൺ അടക്കമുള്ള സമയങ്ങളിൽ വിമാനയാത്ര നിരക്ക് തോന്നും പോലെ വിമാനകമ്പനികൾ വർധിപ്പിക്കാതിരിക്കുവാനും ആവശ്യാനുസരണം വിമാന ലഭ്യത നേരിട്ടും കണക്ഷൻ ഫ്ലൈറ്റ് വഴിയും കേരളത്തിലെ എല്ലാ എയർപോർട്ടുകളിലേക്കും പ്രാപ്തമാക്കുവാനും പ്രസ്തുത കമ്മിറ്റിക്ക്‌ കാലാനുസൃതം സാധിക്കണമെന്നും യാത്ര സമിതി നിർദേശം വെച്ചു. ഇത്തരം നിർദേശങ്ങൾ അടങ്ങിയ കത്ത്‌ മുഖ്യമന്തിക്ക് ഇമെയിൽ വഴി അയച്ചതായും, ഇക്കാര്യങ്ങളെല്ലാം ആഗസ്റ്റ് 31 ന് നടക്കുന്ന യോഗത്തിൽ ചർച്ചയാകുമെന്നും യാത്ര സമിതി പ്രത്യാശ പ്രകടിപ്പിച്ചു.