മനാമ: ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹ്‌റൈൻ) അങ്കമാലിയിലെ നസ്രത്ത് ചാരിറ്റബിൾ ട്രസ്റ്റുമായി സഹകരിച്ചുകൊണ്ട് പണികഴിപ്പിച്ച ഭവനത്തിൻറെ താക്കോൽദാനം ഈ വരുന്ന സെപ്റ്റംബർ മാസം ഏഴാം തീയതി വൈകിട്ട് 4.30 -ന് അങ്കമാലിക്കടുത്ത് തുറവൂർ പഞ്ചായത്തിൽ വാതക്കാട് നസ്രത്ത് ചാരിറ്റി വില്ല പ്രൊജക്റ്റിൽ വച്ച്, അങ്കമാലി എംഎൽഎ ശ്രീ. റോജി എം ജോൺ നിർവഹിക്കുമെന്ന് പാൻ പ്രസിഡണ്ട് ശ്രീ. പി വി മാത്തുക്കുട്ടി, ട്രസ്റ്റ് -ൻറെ മാനേജിങ് ട്രസ്റ്റി ശ്രീ. ഫ്രാൻസിസ് കൈതാരത്ത് എന്നിവർ അറിയിച്ചു.
കഴിഞ്ഞവർഷം ശ്രീ. പൗലോസ് പള്ളിപ്പാടൻ നേതൃത്വം കൊടുത്ത ഭരണസമിതി ജസ്റ്റിസ് കുര്യൻ ജോസഫ് -ൻറെ സന്ദർശനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഒരു “നിർധന കുടുംബത്തിന് ഭവനം” എന്ന പദ്ധതിയാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. അങ്കമാലിയിലെ നസ്രത് ചാരിറ്റബിൾ ട്രസ്റ്റ് നടപ്പിലാക്കുന്ന 5 വീടുകളുടെ ചാരിറ്റി വില്ല പ്രൊജക്റ്റ് -ലാണ് ഭവന നിർമ്മാണത്തിന് ആവശ്യമായ ആറ് ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്ഥലം ശ്രീ. ഫ്രാൻസിസ് കൈതാരത്ത് അനുവദിച്ചു കൊടുത്തത്.
ഈ പ്രോജക്ടിലെ ആദ്യത്തെ ഭവനം കഴിഞ്ഞവർഷം താക്കോൽ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. ഇപ്പോൾ രണ്ടാമത്തെ വീട് കൈമാറ്റം ചെയ്യപ്പെടുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ശ്രീ. ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. പാൻ ബഹറിൻ -ൻറെ കുടുംബാംഗങ്ങളും അഭ്യുദയകാംക്ഷികളും ചേർന്നാണ് ഭവന നിർമ്മാണത്തിനുള്ള ആറ് ലക്ഷം രൂപ കണ്ടെത്തിയത്. സാധിക്കുന്ന എല്ലാവരും ഈ മഹത്തായ ചടങ്ങിൽ പങ്കെടുക്കണമെന്നും, ഈ ലക്ഷ്യം സാധൂകരിക്കുന്നതിന് സഹായിച്ച എല്ലാ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും നന്ദിയോടെ ഓർക്കുന്നു എന്നും പാൻ ചാരിറ്റി കമ്മിറ്റി കൺവീനർ ആയ ശ്രീ. റെയ്സൺ വർഗീസ് പറഞ്ഞു.