മഴക്കെടുതിയിൽ ജീവഹാനി സംഭവിച്ച അനീഷിന്റെ കുടുംബത്തിന് സാന്ത്വനമേകി “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ”

മനാമ: ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയകൂട്ടായ്മയായ “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ നടത്തി വരുന്ന സാന്ത്വന പ്രവർത്തനങ്ങളുടെ ഭാഗമായി മഴക്കെടുതിയിൽ ജീവഹാനി സംഭവിച്ച കുറ്റ്യാടി വേളം കൂളിക്കുന്ന്​ നടുക്കണ്ടിമീത്തല്‍ അനീഷി​ന്റെ നിരാലംബരായ കുടുംബത്തിനാണ് “പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ” അംഗങ്ങളിൽ നിന്നും സ്വരൂപിച്ച തുക സഹായ ധനമായി കൈമാറിയത്.

 

പാചകത്തൊഴിലാളിയായ അനീഷ്​ പ്രളയം രൂക്ഷമായ ആഗസ്​റ്റ്​ പത്തിനാണ്​ വേളം തായനപ്പാറ വയലിൽ മുങ്ങിമരിച്ചത്​. ഇതോടെ പറക്കമുറ്റാത്ത രണ്ട്​ കുട്ടികളും ഭാര്യയുമടങ്ങുന്ന കുടുംബത്തി​ന്റെ ഏക അത്താണിയാണ്​ ഇല്ലാതായത്​. പാചകജോലിയിൽ നിന്ന്​ ലഭിച്ച ചെറിയ വരുമാനം കൊണ്ടാണ്​ അനീഷി​ന്റെ കുടുംബം കഴിഞ്ഞിരുന്നത്. ​ഓലയും, ടാർപോളിൻ ഷീറ്റുമിട്ട് മേൽക്കൂര മറച്ച വീടെന്ന് വിളിക്കാൻ കഴിയാത്ത കൂരയിൽ അഞ്ചും മൂന്നും വയസുള്ള മക്കളുമായി ഭാര്യയും ഇവർക്ക്​ പുറമെ പ്രായമേറിയ മാതാപിതാക്കളും കഴിയുന്നത്.

ഇവരുടെ ഏക ആശ്രയമായിരുന്നു അനീഷ്. അടച്ചുറപ്പുള്ള വീടെന്ന സ്വപ്​നവും ബാക്കിവെച്ചാണ്​ അനീഷ്​ യാത്രയായത്​. അംഗങ്ങളുടെ സഹായത്തോടെ സ്വരൂപിച്ച സഹായ ധനം കഴിഞ്ഞ ദിവസം വേളത്ത് വെച്ച് “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” രക്ഷാധികാരി ആർ.പവിത്രൻ, ജനറൽസെക്രട്ടറി എ.സി.എ ബക്കർ എന്നിവർ ചേർന്ന് അനീഷ് കുടുംബ സഹായസമിതി ട്രഷറർ പി.കെ ബഷീർ മാസ്റ്റർക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് അംഗം എം.ഷിജിന , അനീഷ് കുടുംബ സഹായസമിതി ഭാരവാഹികളായ കരീം മാസ്റ്റർ, കെ.കെ മനോജ് എന്നിവർ സന്നിഹിതരായിരുന്നു.