സുപ്രധാന പ്രഖ്യാപനവുമായി ധനമന്ത്രി; പത്ത് പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമാക്കി ലയിപ്പിക്കും

ദില്ലി: പൊതുമേഖലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച സുപ്രധാന പ്രഖ്യാപനവുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍. തകർച്ചയിലേക്ക് നീങ്ങുന്ന സാമ്പത്തിക രംഗം തിരികെപ്പിടിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ബാങ്കുകളുടെ ലയനം. കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ലയനത്തോടെ രാജ്യത്ത് 2017 ല്‍ 27 പൊതുമേഖലാ ബാങ്കുകള്‍ ഉണ്ടായിരുന്നത് 12 ആയി ചുരുങ്ങും. ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബാങ്കുകളുടെ ലയനം പ്രഖ്യാപിച്ചത്.

  • കനറ ബാങ്കും സിൻഡിക്കേറ്റ് ബാങ്കും ലയിപ്പിക്കും
  • യൂണിയൻ ബാങ്ക്, ആന്ധ്രാ ബാങ്ക്, കോ‍ർപ്പറേഷൻ ബാങ്ക് എന്നിവ ലയിപ്പിക്കും
  • പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്‍സ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയും ലയിപ്പിക്കും
  • ഇന്ത്യൻ ബാങ്കും അലഹബാദ് ബാങ്കും ഇനി ഒന്നാക്കും

2017-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിപ്പിച്ചിരുന്നു. ബാങ്കുകളുടെ ലയനത്തിലൂടെ ആഗോള സാന്നിധ്യമുള്ള വലിയ ബാങ്കുകൾ നിർമ്മിക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു.

ഇന്ത്യൻ ബാങ്കും അലഹാബാദ് ബാങ്കും ലയിപ്പിച്ചാൽ അത് രാജ്യത്തെ ഏഴാമത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായി മാറും. 8.08 ലക്ഷം കോടി രൂപയാകും ബാങ്കിന്‍റെ മൊത്തം ബാങ്കിംഗ് ബിസിനസ്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക് കോർപ്പറേഷൻ ബാങ്ക് എന്നിവയെ ലയിപ്പിച്ചാൽ അത് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ പൊതുമേഖലാ ബാങ്കായിരിക്കും. 14.6 ലക്ഷം കോടിയാകും ഈ ബാങ്കിന്‍റെ മൊത്തം വ്യാപാരം.

കനറാ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക് എന്നിവ ലയിച്ചാൽ അത് രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ പൊതുമേഖലാ ബാങ്കാകും. ആകെ മൊത്തം ബാങ്കിംഗ് വ്യാപാരം 15.2 ലക്ഷം കോടി രൂപയാകും. പഞ്ചാബ് നാഷണൽ ബാങ്കും ഓറിയന്‍റൽ ബാങ്കും യുണൈറ്റഡ് ബാങ്കും ഒന്നിച്ചാൽ പഞ്ചാബ് നാഷണൽ ബാങ്കായിരിക്കും ആങ്കർ ബാങ്ക്. ഇന്ത്യയിലെ രണ്ടാമത്തെ ബാങ്കായി പുതിയ ബാങ്ക് മാറും.