കർണാടക കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ അറസ്റ്റിൽ

കർണാടക മുൻ മന്ത്രി ഡി കെ ശിവകുമാർ അറസ്റ്റിൽ. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുട‍ർച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് ശിവകുമാറിനെ ഇഡി അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യലുമായി ശിവകുമാർ സഹകരിക്കുന്നില്ലെന്ന് ഇഡി വ്യക്തമാക്കി. ചോദ്യങ്ങൾക്ക് ശിവകുമാർ നൽകിയ ഉത്തരങ്ങൾ തൃപ്തികരമല്ലെന്നും ഇഡി അറിയിച്ചു. ഈ സാഹചര്യത്തിലാണ് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

കർണാടകത്തിൽ ജെഡിഎസ് – കോൺഗ്രസ് സഖ്യത്തിന്‍റെ പ്രധാന സൂത്രധാരൻമാരിൽ ഒരാളായ ഡി കെ ശിവകുമാർ കർണാടക പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന സൂചനകൾക്കിടെയാണ് അറസ്റ്റിലാവുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് മുൻധനമന്ത്രി പി ചിദംബരത്തിന് പിന്നാലെയാണ് ശിവകുമാറും ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്.

നേരത്തേ ഇഡിയുടെ സമൻസ് ചോദ്യം ചെയ്ത് ശിവകുമാർ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതേത്തുടർന്ന് എൻഫോഴ്‍സ്മെന്‍റ് വീണ്ടും ശിവകുമാറിന് ഹാജരാകാൻ നോട്ടീസ് നൽകുകയായിരുന്നു. ഇതേത്തുടർന്ന് ദില്ലിയിലെത്തിയ ശിവകുമാർ ഇത് രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ചിരുന്നു. ഗണേശചതുർത്ഥിയായിരുന്ന ഇന്നലെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെത്തുടർന്ന് ശിവകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ വികാരാധീനനാകുകയും ചെയ്തു.