ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ – 2 ലക്ഷ്യത്തോടടുക്കുന്നു. വിക്രം ലാൻഡറിന്‍റെ രണ്ടാം ഭ്രമണപഥം താഴ്ത്തൽ ഇന്ന് പുലര്‍ച്ചെ 3.42ന് വിജയകരമായി പൂർത്തിയായതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഇതോടെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റര്‍ മാത്രം അകലെയായി. ലാന്‍ഡിംഗിനായുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള പ്രക്രിയ ആരംഭിക്കുക. ‘ഓര്‍ബിറ്ററി’ലെയും ‘ലാന്‍ഡറി’ലെയും എല്ലാ ഘടകങ്ങളും തൃപ്തികരമായി പ്രവര്‍ത്തിക്കുന്നതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു. ‘ലാന്‍ഡര്‍’ ചന്ദ്രനിലിറങ്ങുന്ന ചരിത്രമുഹൂര്‍ത്തമാഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ബെംഗളൂരുവില്‍ ഐ.എസ്.ആര്‍.ഒ.യുടെ ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വർക്ക് കേന്ദ്രത്തിലെത്തും. ജൂലായ് 22നാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-2 കുതിച്ചുയര്‍ന്നത്.