എൻ.എസ്.എസിൽ വിദ്യാരംഭം; കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാൻ ‘കാവാലം അനിൽ’ ബഹ്റൈനിലെത്തും

മനാമ: കേരളാ സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ വിജയദശമി – വിദ്യാരംഭം വിപുലമായി ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ 6 മുതൽ ഗുദേബിയയിലെ എൻ.എസ്.എസ് ആസ്ഥാനത്തു ആരംഭിക്കുന്ന ആഘോഷങ്ങളിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാനെത്തുന്നത് പ്രശസ്‌ത സാഹിത്യകാരനും കവിയുമായ ശ്രീ. കാവാലം അനിലാണ്. കേരളാ സാഹിത്യ അക്കാദമി അവാർഡും കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും അടക്കം പതിനേഴോളം അവാർഡുകൾ ലഭിച്ചിട്ടുള്ള അദ്ദേഹം നിരവധി ആധികാരിക ഗ്രന്ഥങ്ങളുടെ കർത്താവും പ്രശസ്‌ത പുസ്‌തക പ്രസിദ്ധീകരണ സ്ഥാപനമായ ‘കുരുക്ഷേത്ര പ്രകാശൻ’ എഡിറ്ററുമാണ്.

അദ്ദേഹത്തിന്റെ കേരളാ സാഹിത്യ അക്കാദമി അവാർഡ് നേടിയ ‘ഓഷോ ജീവിതവും ദർശനവും’ എന്ന കൃതി മലയാളത്തിലെ ഓഷോ രജനീഷിനെക്കുറിച്ചുള്ള ആദ്യ ഗ്രന്ഥമാണ്. സ്വതന്ത്ര കലാസാഹിത്യ സംഘടനയായ കേരളാ കാവ്യ സാഹിതിയുടെ സംസ്ഥാന അധ്യക്ഷനും കേരളാ കവി സമാജത്തിന്റെ പ്രസിഡന്റുമായ ശ്രീ. കാവാലം അനിൽ, മഹാത്മാഗാന്ധി സർവകലാശാലക്കുവേണ്ടി, യശ്ശശരീരനായ പ്രശസ്‌ത കവി ശ്രീ. ഡി വിനയചന്ദ്രന്റെ കീഴിൽ വയനാട്ടിലെ ആദിവാസി വിഭാഗമായ അടിയന്മാരുടെ ആചാരാനുഷ്ടാനങ്ങളെക്കുറിച്ചും സാമൂഹ്യ ചുറ്റുപാടുകളെപ്പറ്റിയും തയ്യാറാക്കിയ പഠന ഗവേഷണ പ്രബന്ധമാണ്, കേരളാ സർക്കാർ ഏജൻസിയയായ കിത്താഡ്‌സ് ഉപയോഗിക്കുന്നത്.

കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിപ്പിക്കുന്നതിനു താത്പര്യം ഉള്ള രക്ഷിതാക്കൾക്ക് എൻ. എസ്.എസ്. പ്രസിഡന്റ് ശ്രീ. സന്തോഷ് 39222431 ജനറൽ സെക്രട്ടറി ശ്രീ. സതീഷ് നാരായണൻ 33368466 സാഹിത്യ വിഭാഗം കാര്യദർശി ശ്രീ രെഞ്ചു 33989636 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.