ലണ്ടന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ സ്റ്റെന ഇംപറോയിൽ നിന്ന് മലയാളികൾ ഉൾപ്പെടെ 7 ജീവനക്കാരെ വിട്ടയയ്ക്കുമെന്ന് ഇറാന്റെ ദേശീയ ടെലിവിഷൻ റിപ്പോർട്ടു ചെയ്തു. ജൂലായ് 19 നാണ് സമുദ്രാതിര്‍ത്തി ലംഘിച്ചു എന്നാരോപിച്ച് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡുകള്‍ ഹോര്‍മൂസ് കടലിടുക്കില്‍ വെച്ച് ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്. കപ്പലിലെ ജീവനക്കാരുമായോ ക്യാപ്റ്റനുമായോ തങ്ങള്‍ക്ക് യാതൊരു പ്രശ്നങ്ങളുമില്ലെന്ന് ഇറാന്‍ വിദേശ കാര്യവക്താവ് അബ്ബാസ് മൗസവി അറിയിച്ചിരുന്നു. മനുഷ്യത്വപരമായ പരിഗണന നല്‍കിയാണ് ജീവനക്കാരെ വിട്ടയക്കുന്നതെന്നും ഇവര്‍ക്ക് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാമെന്നും അദ്ദേഹം പറഞ്ഞു. ഏഴ് പേരെ വിട്ടയയ്ക്കാനുള്ള തീരുമാനം പ്രതീക്ഷാവഹമാണെന്നും ബാക്കിയുള്ളവരും ഉടൻ മോചിപ്പിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കപ്പൽ ഉടമസ്ഥൻ സ്റ്റെനാ ബള്‍ക് പറഞ്ഞു.