ബി.കെ.എസ് മെഗാ അത്തപ്പൂക്കള മത്സരവും ഓണക്കളികളും പായസ മത്സരവും ഇന്ന്(വെള്ളി)

മനാമ: ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷത്തിന്റെ ഭാഗമായുള്ള മെഗാ അത്തപ്പൂക്കള മത്സരം ഇന്ന് വെള്ളിയാഴ്ച രാവിലെ 9 . 30 മുതൽ അരങ്ങേറുകയാണ്. നിരവധി ടീമുകളാണ് മത്സരത്തിനായി പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പവിഴ ദ്വീപിലെ ഏറ്റവും വലിയ പൂക്കള മത്സരത്തിനാണ് ഇന്ന് സമാജം സാക്ഷിയാവുന്നത്. വിജയികൾക്ക് ആകർഷകമായ ക്യാഷ് അവാർഡുകളും ട്രോഫികളും ഉണ്ടായിരിക്കുന്നതാണ്.

അത്തപൂക്കള മത്സരത്തെ തുടർന്ന് വിവിധ ഓണക്കളികളും ഒരുക്കിയിട്ടുണ്ട്. കൂടാതെ പഞ്ചഗുസ്തി, തീറ്റമത്സരം, തലയിണയടി, പുഷ്അപ് മത്സരം തുടങ്ങിയ രസകരമായ മത്സരപരിപാടികളും ഉണ്ടായിരിക്കുന്നതാണെന്ന് സമാജം പ്രസിഡന്റ് ശ്രീ. പി വി രാധാകൃഷ്ണപിള്ളയും ജനറൽ സിക്രട്ടറി ശ്രീ. എം. പി. രഘുവും പറഞ്ഞു.

വൈകീട്ട് നാല് മണി മുതൽ വാശിയേറിയ പായസമത്സരവും നടക്കുന്നുണ്ട്. ശ്രീ. പവനൻ തോപ്പിൽ ജനറൽ കൺവീനറായുള്ള വിപുലമായ കമ്മറ്റികളാണ് പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്നത്. ഇന്ന് നടക്കുന്ന മത്സരയിനങ്ങൾക്കും കളികൾക്കുമായി അതാത് കമ്മറ്റികളുടെ കൺവീനർമാരായ വിനയചന്ദ്രൻ (39215128 ) , രാജേഷ് കെ പി (39892678 ) , ഷാനിൽ റഹ്‌മാൻ (33509927 ) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

പരിപാടികൾ വീക്ഷിക്കുവാൻ വലിയ ജനാവലിയെയാണ് പ്രതീക്ഷിക്കുന്നതെന്ന് സമാജം ഭാരവാഹികൾ പറഞ്ഞു. ഗൃഹാതുരത്വം തുളുമ്പുന്ന ഓണവും ഓണക്കളികളും മത്സരങ്ങളും കൊണ്ട് ബഹ്‌റൈൻ പ്രവാസികൾക്ക് സന്തോഷിക്കുവാനും ആസ്വദിക്കുവാനുമാണ് ബഹ്‌റൈൻ കേരളീയ സമാജം വേദിയൊരുക്കുന്നത്.