ഹൃദയസ്തംഭനം; ബഹ്റൈനിൽ വീണ്ടുമൊരു മലയാളി കൂടി വിടവാങ്ങി

മനാമ: ഹൃദയസ്തംഭനം മൂലം ബഹ്റൈനിൽ മലയാളി നിര്യാതനായി. കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂർ സ്വദേശി ശിഹാബുദ്ധീൻ മാടംബില്ലത്ത് (42) ആണ് മരണപ്പെട്ടത്. റിഫയിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളും നാട്ടിലാണ്. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

സെപ്തംബർ മാസത്തെ ആദ്യ വാരം പിന്നിടും മുൻപ് തന്നെ ബഹ്റൈൻ മലയാളികൾക്കിടയിലെ രണ്ടാമത്തെ ഹൃദയാഘാത മരണമാണിത്. കഴിഞ്ഞ ദിവസം അന്തരിച്ച മാഹി സ്വദേശി സുകുമാരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്ന ദിനം തന്നെയാണ് ഇന്ന് മറ്റൊരു മരണ വാർത്ത കൂടി പുറത്തു വരുന്നത്. ജൂലൈ – ആഗസ്ത് മാസങ്ങളിലായി ഏഴോളം മലയാളികൾ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. ഫെബ്രുവരിയിൽ അടുത്തടുത്ത 11 ദിനങ്ങളിലായി പത്തോളം പേരായിരുന്നു മരണപ്പെട്ടത്. രണ്ടര ലക്ഷത്തോളം വരുന്ന ബഹ്റൈൻ പ്രവാസി മലയാളികൾക്കിടയിൽ തുടർച്ചയായുണ്ടാകുന്ന ഹൃദയാഘാത മരണങ്ങൾ ആശങ്കയുണർത്തുന്നുണ്ട്. ഹൃദയാരോഗ്യ ബോധവത്കരണവും പരിചരണവും വ്യാപകമാക്കേണ്ടതിന്റെ പ്രാധാന്യം സാമൂഹ്യലോകത്ത് വീണ്ടുമൊരിക്കൽ കൂടി ചർച്ചയാവേണ്ടതുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പെരുകുന്ന ഹൃദയാഘാത മരണങ്ങൾ, വീഡിയോ: