ചാന്ദ്രയാൻ – 2 ന് വീണ്ടും ശുഭപ്രതീക്ഷ; ചന്ദ്രനിൽ വിക്രംലാന്റർ കണ്ടെത്തിയതായി ഐ എസ് ആർ ഒ

ചാന്ദ്രയാൻ-2 മിഷന്റെ ഭാഗമായ വിക്രംലാൻറർ ചന്ദ്രോപരിതലത്തില്‍ എവിടെയാണെന്ന് കണ്ടെത്തിയതായി ഐ എസ് ആർ ഒ ചെയർമാൻ കെ ശിവൻ. വിക്രം ലാന്‍ഡറിന്‍റെ സ്ഥാനം കണ്ടെത്തിയെങ്കിലും ഇതുമായുള്ള ആശയവിനിമയം സാധ്യമായില്ല എന്നാണ് ഐഎസ്ആര്‍ഒ അറിയിക്കുന്നത്. ലാന്‍ഡറിന്‍റെ തെര്‍മല്‍ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതായും അറിയിച്ചു.

ചന്ദ്രയാൻ-2 ഓർബിറ്ററിൽ നിന്ന് വിക്രം ലാ‍ൻഡറിന്‍റെ തെർമ്മൽ ഇമേജ് ലഭിച്ചതായി ഐ എസ് ആർ ഒ ചെയർമാൻ ഡോ കെ ശിവനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐയാണ് ഇക്കാര്യം പുറത്ത് വിട്ടത്. വിക്രം ചന്ദ്രോപരിതലത്തിൽ ഉണ്ട് എന്നതിന് ഇതോടെ സ്ഥിരീകരണമായി പക്ഷേ വിക്രമുമായുള്ള ബന്ധം പുനസ്ഥാപിക്കാൻ ഇത് വരെ സാധിച്ചിട്ടില്ല.