bahrainvartha-official-logo
Search
Close this search box.

ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിക്കെതിരായ ഹർജി തള്ളി; നാസിൽ സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല്ലെന്ന് കോടതി

thushar-nasil

അജ്മാൻ: ചെക്ക് കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കെതിരെ കൊടുങ്ങല്ലൂർ സ്വദേശിയായ നാസിൽ അബ്ദുള്ള അജ്‍മാൻ കോടതിയിൽ നൽകിയ ഹർജി തള്ളി. പരാതിക്കാരന്‍റെ വാദം നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുഷാറിനെതിരായ ഹർജി കോടതി തള്ളിയത്. നാസിൽ അബ്ദുള്ള നൽകിയ ചെക്ക് കേസിൽ തുഷാറിനെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നാസിൽ കോടതിയിൽ സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ ജാമ്യത്തിനായി കോടതി കണ്ടുകെട്ടിയ പാസ്പോർട്ട് തുഷാറിന് തിരിച്ചുനൽകി.

നേരത്തേ നാട്ടിലേക്ക് തുഷാർ പോകുന്നത് തടയാൻ നാസിൽ നൽകിയ സിവിൽ കേസും കോടതി തള്ളിയിരുന്നു. നാസിലിന് താന്‍ ചെക്ക് നല്‍കിയിട്ടില്ലെന്ന് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം പല തവണ തുഷാർ വാദിച്ചിരുന്നു. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന യുഎഇ സ്വദേശിയുടെ പരാതിയിലാണ് തുഷാറിനെ അറസ്റ്റ് ചെയ്തത്. പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ വണ്ടിച്ചെക്ക് നല്‍കിയെന്നായിരുന്നു പരാതി.

ഓഗസ്റ്റ് 21- രാത്രി അജ്മാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണ് ബി‍ഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയെ അറസ്റ്റ് ചെയ്തത്. പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിർമ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് നൽകിയെന്നായിരുന്നു ആരോപണം.

പത്തുമില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ (പത്തൊമ്പതര കോടി രൂപ)യുടേതാണ് ചെക്ക്. ബിസിനസ് തകർന്ന് നാട്ടിലേക്ക് കടന്ന തുഷാര്‍ വെള്ളാപ്പള്ളി പിന്നീട് രാഷ്ട്രീയരംഗത്ത് സജീവമായെന്നും ഇതിനിടെ പലതവണ കാശ് കൊടുത്തുതീര്‍ക്കാമെന്നേറ്റെങ്കിലും സ്വാധീനം ഉപയോഗിച്ച് ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് നാസില്‍ അബ്ദുള്ള ആരോപിച്ചു.

ഒടുവില്‍ സ്വദേശിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് അറിയിച്ച് തുഷാറിനെ നാസില്‍ ഗള്‍ഫിലേക്ക് ക്ഷണിച്ചു. ഇതുപ്രകാരം ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച് നാസിലിന്‍റെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം പത്തുവര്‍ഷം മുമ്പ് നല്‍കിയ ചെക്കിന് ഇപ്പോള്‍ സാധുത ഇല്ലെന്ന് തുഷാർ വാദിച്ചിരുന്നു. നാസിൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയ അത്രയും തുക താൻ നൽകാനില്ലെന്നും തുഷാർ വാദിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!