ബഹ്റൈൻ തമിഴ് ഉണർവളർഗൾ സംഘം നടത്തിയ തൊഴിൽമേള നിയമവിരുദ്ധം; ഇന്ത്യൻ ക്ലബ്ബിനെതിരെ പാർലമെന്റിൽ എം പി മാർ

മനാമ: പ്രവാസികളെ ലക്ഷ്യമിട്ട് നിയമവിരുദ്ധമായ് തൊഴിൽ മേള സംഘടിപ്പിച്ചതിന് ബഹ്‌റൈനിലെ ഏറ്റവും പഴക്കമേറിയ പ്രവാസി കൂട്ടങ്ങളിലൊന്നായ ‘ഇന്ത്യൻ ക്ലബ്’ അടച്ചുപൂട്ടണമെന്ന് പാർലമെന്റിൽ ഒരു കൂട്ടം എം പി മാർ ആവശ്യപ്പെട്ടു. ഇന്ത്യൻ ക്ലബ്ബിൽ വച്ച് ബഹ്റൈൻ തമിഴ് ഉണർവളർഗൽ സംഘമായിരുന്നു കഴിഞ്ഞ വെള്ളിയാഴ്ച ‘മെഗാ ഫ്രീ തൊഴിൽ മേള 2019’ സംഘടിപ്പിച്ചത്. ബഹ്റൈൻ – യു എ ഇ – ഒമാൻ – ഇന്ത്യ എന്നിവിടങ്ങളിലായി 200 ഓളം തൊഴിലവസരങ്ങൾ എന്ന ബാന്നറോടെയായിരുന്നു സംഘം തൊഴിൽ മേള സംഘടിപ്പിച്ചത്. മേള ബഹ്റൈനിലെ തൊഴിൽ നിയമങ്ങളുടെ ലംഘനമാണെന്നും നിയമ വിരുദ്ധമാണെന്നും വാദിച്ച എംപിമാർ ക്ലബ് മാനേജ്മെൻറ്, പങ്കെടുത്ത കമ്പനികൾ, സംഘാടകർ എന്നിവരുൾപ്പെടെയുള്ള എല്ലാവർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങൾ നിയമത്തിന്റെ വ്യക്തമായ ലംഘനമാണെന്നും പ്രവാസികൾക്കായി തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നതിനെ നിരോധിക്കണമെന്നും പാർലമെന്റ് സർവീസ് കമ്മിറ്റി വൈസ് ചെയർമാൻ മംദൂഹ് അൽ സലേഹ് ആവിശ്യപ്പെട്ടതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ സംഘം സമീപിച്ചപ്പോൾ ഇത്തരമൊരു മേളക്ക് സ്ഥലം അനുവദിക്കുക മാത്രമായിരുന്നു തങ്ങൾ ചെയ്തതെന്നും മന്ത്രാലയത്തിന്റെ അംഗികാരമില്ലാതെയാണ് തൊഴിൽ മേള സംഘടിപ്പിക്കപ്പെട്ടതെന്ന് അറിവില്ലായിരുന്നുവെന്നും ഇന്ത്യൻ ക്ലബ് പ്രസിഡൻറ് സ്റ്റാലിൻ ജോസഫ് ബഹ്റൈൻ വാർത്തയോട് പറഞ്ഞു. ഇക്കാര്യത്തിൽ തങ്ങളുടെ ഭാഗത്തുള്ള തെറ്റ് മനസിലായെന്നും മന്ത്രാലയ പ്രതിനിധികൾ മുമ്പാകെ വിശദീകരണത്തിന് വിളിപ്പിച്ചപ്പോൾ ക്ഷമാപണം അറിയിച്ചെന്നും വിശദമായ വിവരങ്ങളോടെ ക്ഷമാപണക്കത്തിലൂടെ മന്ത്രാലയത്തെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ ഇന്ത്യൻ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും ഇനി ഒരു സ്വകാര്യ സംഘടനയുടെ പരിപാടി നടത്തപ്പെടുകയാണെങ്കിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് അന്വേഷണങ്ങൾക്ക് ശേഷമായിരിക്കും വേദി വിട്ടു നൽകുകയെന്നും പ്രസിഡന്റ് പറഞ്ഞു. തൊഴിലില്ലാത്തവരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിച്ച മേളക്ക് മന്ത്രാലയത്തിന്റെ അനുമതി വേണമായിരുന്നു എന്ന കാര്യം തങ്ങൾക്കറിയില്ലായിരുന്നുവെന്നാണ് ഇക്കാര്യത്തിൽ ബഹ്റൈൻ തമിഴ് ഉണർവളർഗൾ സംഘം പറഞ്ഞത്.

ഇന്ത്യൻ ക്ലബ് പ്രതിനിധികൾ മന്ത്രാലയം മുൻപാകെ ക്ഷമാപണം അറിയിച്ചു